മേയർ ബ്രോക്ക് പകരം ആര്; തിരുവനന്തപുരം കോർപറേഷൻ മേയർ വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ വിജയിച്ച് നിയമസഭയിലേക്കു പോകുന്നതോടെ അടുത്ത ഒരു വർഷം കോർപറേഷനെ ആരു നയിക്കും എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നു

തിരുവനന്തപുരം കോർപറേഷൻ മേയർ വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ വിജയിച്ച് നിയമസഭയിലേക്കു പോകുന്നതോടെ അടുത്ത ഒരു വർഷം കോർപറേഷനെ ആരു നയിക്കും എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നു. എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട വി.കെ.പ്രശാന്തിന് മേയർ സ്ഥാനംകൂടി വഹിക്കാൻ കഴിയുമോയെന്ന സാധ്യത സിപിഎം തേടിയിരുന്നു. എന്നാൽ രണ്ടു പദവികളും ഒരുമിച്ചു വഹിക്കാൻ കഴിയില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്.
കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി കെ.ശ്രീകുമാര്‍ മേയറാകാനാണ് സാധ്യത കൂടുതൽ. ഭരണസമിതി ചുമതലയേൽക്കുമ്പോൾ പ്രശാന്തും ശ്രീകുമാറും മേയർ സ്ഥാനം രണ്ടര വർഷം വീതം പങ്കിടണമെന്നു ധാരണയുണ്ടായിരുന്നു. എന്നാൽ ഇടയ്ക്കുളള മാറ്റം പാര്‍ട്ടി പിന്നീടു വേണ്ടെന്നു വച്ചു. മറ്റു തടസ്സങ്ങളോ അവകാശവാദങ്ങളോ ഉണ്ടായില്ലെങ്കിൽ ശ്രീകുമാര്‍ മേയറാകും. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും സിപിഎം വഞ്ചിയൂർ ഏരിയാ സെന്റർ അംഗവുമാണ്.
പി. ബാബുവാണ് മേയർ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. സിപിഎം പാളയം ഏരിയാ കമ്മിറ്റി അംഗമാണ്. മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.പുഷ്പലതയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പുഷ്പലത. വി.കെ.പ്രശാന്തിനെ മേയറായി നിയോഗിച്ചതു പോലെ യുവാവായ ഒരാളെ മേയറാക്കുമെന്നു പ്രതീക്ഷിക്കുന്നവരും കുറവല്ല. ഭരണസമിതി കാലാവധി പൂർത്തിയാക്കാൻ കൃത്യം ഒരു വർഷം മാത്രം ശേഷിക്കെ അത്തരമൊരു പരീക്ഷണത്തിനു പാർട്ടി മുതിരുമോയെന്നു കണ്ടറിയണം. സ്മാർട്ട് സിറ്റി, കിള്ളിയാർ ശുചീകരണം തുടങ്ങിയ വലിയ പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പുതുമുഖ പരീക്ഷണം വിജയം കണ്ടില്ലെങ്കിലോയെന്ന ആശങ്ക പാർട്ടിക്കുണ്ട്. മന്ത്രിയായിരുന്നപ്പോൾ കേരള കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ള പഞ്ചായത്തു പ്രസിഡന്റ് പദവിയും എംപിയായിരിക്കെ എ.സമ്പത്ത് തൈക്കാട് വാർഡിനെ പ്രതിനീധീകരിച്ച് കൗൺസിലർ സ്ഥാനവും വഹിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രശാന്തിനു വേണ്ടി പാര്‍ട്ടി നിയമോപദേശം തേടിയത്. എന്നാൽ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഒരാൾ ലോക്സഭാംഗമോ നിയമസഭാംഗമോ ആയി തിരഞ്ഞെടുക്കപ്പെടുകയോ നോമിനേറ്റ് ചെയ്യപ്പെടുകയോ ചെയ്താൽ അയാളുടെ തദ്ദേശ സ്ഥാപനങ്ങളിലെ അംഗത്വം സ്വമേധയാ നഷ്ടപ്പെടുമെന്നാണ് നിയമോപദേശം ലഭിച്ചത്. മേയർ സ്ഥാനം വി.കെ.പ്രശാന്ത് വെള്ളിയാഴ്ച രാജിവയ്ക്കും.
യുഡിഎഫ് സിറ്റിങ് സീറ്റായ വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്ത് വി.കെ പ്രശാന്ത് നേടിയത് മിന്നുന്ന വിജയമാണ് . നിയമസഭയിലേക്കുള്ള കന്നിയങ്കത്തിലാണ് 14,465 വോട്ടിന്‍റെ ഭൂരിപക്ഷവുമായി പ്രശാന്ത് വിജയം കുറിച്ചത്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ പ്രശാന്തിനായിരുന്നു ലീഡ്.
വോട്ടെണ്ണല്‍ പകുതി സമയം പിന്നിടുന്നതിന് മുന്‍പ് തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ പ്രശാന്ത് വിജയം ഉറപ്പിക്കുകയും ചെയ്‍തു. യുഡിഎഫിന്‍റെയും ബിജെപിയുടെയും ശക്തി കേന്ദ്രങ്ങളിലടക്കം വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ പക്ഷേ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2011 മുതല്‍ യുഡിഎഫ് വിജയിച്ച് വരുന്ന വട്ടിയൂര്‍ക്കാവില്‍ രണ്ട് തവണയും കെ.മുരളീധരനായിരുന്നു ഇവിടെ നിന്നുള്ള എംഎല്‍എ. കെ.മുരളീധരന്‍ വടകര എം.പി യായതിനെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവില്‍ ഉപ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
https://www.facebook.com/Malayalivartha






















