രഹസ്യ അറയിലെ പഴ്സിൽ ചുവന്ന കവറിൽ പൊതിഞ്ഞുവച്ച മാരക വിഷം ജോളി സൂക്ഷിച്ചത് ഷാജുവിനെ കൊലപ്പെടുത്താൻ? അസ്വാരസ്യങ്ങള്‍ പതിവായതോടെ കാമുകനെ മൂന്നാമത് ഭർത്താവാക്കാൻ ജോളി അമിതമായി ആഗ്രഹം പ്രകടിപ്പിച്ചു:- വീട്ടിനുള്ളിൽ സൂക്ഷിക്കുന്നത് മക്കളുടെ ജീവന് ആപത്തുണ്ടാക്കുമെന്ന് ഭയന്ന് ഡ്രൈവിംഗ് സീറ്റിന് ഇടത് വശത്തായി രഹസ്യ അറ നിർമ്മിച്ച് പൊട്ടാസ്യം സയനൈഡ് സൂക്ഷിച്ച് വച്ചു- ജോളിയുടെ ലക്ഷ്യങ്ങൾ ഓരോന്നായി പുറത്താകുന്നു

കാറില്‍ സൂക്ഷിച്ചിരുന്ന മാരകവിഷമായ പൊട്ടാസ്യം സയനൈഡ് കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി കരുതിവച്ചത് രണ്ടാം ഭർത്താവ് ഷാജുവിനെ കൊലപ്പെടുത്താനാണോ എന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം. ബോക്സിനുള്ളിലെ പഴ്സിൽ ചുവന്ന കവറിൽ പൊതിഞ്ഞുവച്ച നിലയിലായിരുന്നു പൊടി കണ്ടെടുത്തത്. ഷാജുവും ജോളിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ പതിവായതോടെ ബിഎസ്‌എന്‍ എല്‍ ജീവനക്കാരനായ ജോൺസനെ മൂന്നാമത് ഭർത്താവാക്കാൻ ജോളി അമിതമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഇതിനായി പലപ്പോഴും ജോൺസനെ കാണാൻ കോയമ്പത്തൂരും, തിരുപ്പൂരിലും ബംഗളൂരുവിലും ജോളി ചെന്നിരുന്നു. ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും പിന്നീട് ജോണ്‍സന്റെ ഭാര്യയെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചും പദ്ധതിയിട്ടിരുന്നു. ഇതോടൊപ്പം തന്നെ ഷാജുവിനെ കൊലപ്പെടുത്തി, ആശ്രിത നിയമനത്തിൽ ജോലി നേടുന്നതിനെക്കുറിച്ചും ജോളി ചിന്തിച്ചിരുന്നു. ഈ പദ്ധതികൾ നടപ്പിലാക്കാൻ ജോളി വീട്ടിൽ സയനൈഡ് സൂക്ഷിക്കാതെ കാറിൽ രഹസ്യമായി വച്ചതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഷാജുവിനെ കൂടാതെ മറ്റാരെയെങ്കിലും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ബുധനാഴ്ചയാണ് പൊന്നാമറ്റത്തെ വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ജോളിയുടെ കാറിൽ പൊലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഡ്രൈവിംഗ് സീറ്റിന് ഇടത് വശത്തായി നിർമിച്ച രഹസ്യ അറയിൽ നിന്ന് പേഴ്‌സിൽ സൂക്ഷിച്ച നിലയിൽ വെളുത്ത പൊടി കണ്ടെത്തിയത്. നേരത്തെ ജോളിയുടെ വീട്ടില്‍ നിന്നും ചില കുപ്പികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, അതിലൊന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നില്ല.
ജോളിയുടെ വീടിന് തൊട്ടടുത്ത വീട്ടില്‍ നിന്നുമാണ് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ കാറിലാണ് വിഷം സൂക്ഷിച്ചതെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഡ്രൈവര്‍ സീറ്റിന് അടുത്തായി രഹസ്യ അറയിലെ പഴ്‌സില്‍ നിന്നുമാണ് പൊട്ടാസ്യം സയനൈഡ് കണ്ടെത്തിയത്. ജോളിയുമായി മാരത്തൺ തെളിവെടുപ്പായിരുന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം നടത്തിയത്. ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുൾപ്പെടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. സിലിക്ക് വിഷം കലർത്തി നൽകിയ അരിഷ്ടം വാങ്ങിയ കടയിലും ജോളിയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അരിഷ്ടം സൂക്ഷിച്ചിരുന്ന ഷെൽഫ് ഉൾപ്പെടെ അന്വേഷണസംഘത്തിന് ജോളി കാണിച്ച് കൊടുത്തു. കസ്റ്റഡി കാലാവധി തീരും മുമ്പ് ജോളിയെ കട്ടപ്പനയിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയേക്കും.
ഇതോടൊപ്പം തന്നെ, സിലിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഭ്രാന്തിയായി ചിത്രീകരിക്കാൻ ഭർത്താവ് ഷാജുവും ജോളിയും ശ്രമിച്ചിരുന്നതായി സിലിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അപസ്മാരത്തിന് എന്ന പേരിൽ ഷാജു ചില പ്രത്യേക ഗുളികകൾ സിലിക്ക് നൽകിയിരുന്നുവെന്നും ജോളിയാണ് ഈ ഗുളികകൾ എത്തിച്ച് നൽകിയിരുന്നതെന്നും ബന്ധുക്കൾ മൊഴി നൽകി. സിലിയ്ക്ക് മാനസികരോഗമുണ്ടെന്നു വരുത്തിതീർത്ത് സാവധാനം വകവരുത്താൻ ജോളിയും ഷാജുവും ചേർന്ന് ഗൂഡാലോചന നടത്തിയതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കൂണില്‍ നിന്നുണ്ടാക്കുന്ന ഗുളികയാണെന്ന് പറഞ്ഞ് ജോളിയാണ് ഈ ഗുളികകള്‍ ഷാജുവിന് എത്തിച്ച് നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha






















