ആളും ആരവവുമായി... ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷത്തില്‍ നിന്നും രക്ഷിക്കുന്ന പുലി മുരുകന് പരക്കെ അംഗീകാരം; ഒരു ചെറിയ ശതമാനം ഭൂരിപക്ഷ വിഭാഗത്തിന് വേണ്ടി ന്യൂനപക്ഷങ്ങളെ ഒന്നാകെ പിണക്കിയ യുഡിഎഫ് അതീവ ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ ദുരന്തം

ഒരു ചെറിയ ശതമാനം ഭൂരിപക്ഷ വിഭാഗത്തിന് വേണ്ടി ന്യൂനപക്ഷങ്ങളെ ഒന്നാകെ പിണക്കിയ യു ഡി എഫ് അതീവ ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ 2021 ല്‍ നടക്കുന്ന പൊതു തെരഞ്ഞടുപ്പ് പുലിമുരുകന്‍ കൊണ്ടു പോകും. പുലിമുരുകന്‍ ആരാണെന്നാണോ? സംശയിക്കേണ്ട, സാക്ഷാല്‍ പിണറായി വിജയന്‍.
മലയരയന്‍മാരെ പുലിയില്‍ നിന്നും രക്ഷിക്കുന്നവനാണ് പുലിമുരുകനെങ്കില്‍ ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷത്തില്‍ നിന്നും രക്ഷിക്കുന്ന പുലി മുരുകനാണ് പിണറായി.
പാലായില്‍ കണ്ട ചരിത്ര വിധി ഒരു അപവാദം അല്ലെന്നു തെളിയിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഉപതെരെഞ്ഞെടുപ്പ് നടന്ന ആറില്‍ മൂന്ന് സീറ്റുകള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത് . കോന്നിയില്‍ കാല്‍ നൂറ്റാണ്ടിനു ശേഷവും വട്ടിയൂര്‍ക്കാവില്‍ 10 വര്‍ഷത്തിന് ശേഷവുമാണ് എല്‍ഡി എഫ് വിജയിക്കുന്നത്. പാലായില്‍ 55 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഹൈജാക്ക്. മൂന്നിടത്തും മികച്ച ഭൂരിപക്ഷം നേടുകയും ചെയ്തു. ഇതില്‍ വട്ടിയൂര്‍ക്കാവില്‍ 2016 ലെ മൂന്നാം സ്ഥാനത്തില്‍ നിന്നാണ് എല്‍ഡിഎഫ് വിജയത്തിലേക്ക് കുതിച്ചെത്തിയത്.
പരാജയപ്പെട്ട അരൂരിലും എറണാകുളത്തും നേരിയ വ്യത്യാസത്തിനാണ് എല്‍ഡിഎഫിന് സീറ്റുകള്‍ കൈവിട്ടുപോയത്. എറണാകുളത്ത് എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍ 2572 വോട്ട് പിടിയ്ക്കുകയും ചെയ്തു. എറണാകുളത്ത് ഹൈബി ഈഡന്‍ നേടിയ 25000 ത്തിന്റെ ഭൂരിപക്ഷമാണ് 3500 ആയി കുറഞ്ഞത്. അപരന്റെ വോട്ടുകള്‍ മനു റോയ്ക്ക് തന്നെ കിട്ടിയിരുന്നെങ്കില്‍ വിജയം ഇടതുമുന്നണി കൊണ്ടു പോകുമായിരുന്നു. മഞ്ചേശ്വരത്തുമാത്രമാണ് യുഡിഎഫ് മെച്ചപ്പെട്ട വിജയം നേടിയത്. അത് ലീഗിന്റെ നേട്ടം മാത്രമാണ്.
ഭരണത്തിന്റെ മൂന്നാം വര്‍ഷം പ്രതിപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകള്‍ ഒന്നൊന്നായി ഭരണകക്ഷി പിടിച്ചെടുക്കുന്ന അപൂര്‍വ്വതയ്ക്കും കേരളം സാക്ഷിയായി. ഇതോടെ 91 അംഗങ്ങളുമായി അധികാരത്തില്‍ വന്ന എല്‍ഡിഎഫിന്റെ നിയമസഭയിലെ കക്ഷിനില 93 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന എട്ടില്‍ നാല് ഉപതെരെഞ്ഞെടുപ്പിലും എല്‍ഡിഎഫിനായി വിജയം. ഇതില്‍ മൂന്നിടത്ത് യുഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ പിടിചെടുത്തായിരുന്നു എല്‍ ഡി എഫ് വിജയം. ചെങ്ങന്നൂരില്‍ മൂന്നിരട്ടിയോളം ഭൂരിപക്ഷം വര്‍ധിച്ചപ്പോള്‍ പാലയില്‍ യുഡിഎഫിന്റെ കോട്ട തന്നെ പൊളിച്ചടുക്കിയാണ് എല്‍ഡിഎഫ് കൊടിനാട്ടിയത്. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി എം പി ആയപ്പോള്‍ ഒഴിവുവന്ന നിയമസഭാ സീറ്റും എറണാകുളം, മഞ്ചേശ്വരം അരൂര്‍ സീറ്റുകളുമാണ് യുഡിഎഫിനു വിജയിക്കാനായത്. അരൂര്‍ മണ്ഡലത്തില്‍ വര്‍ക്ക്ഔട്ട് ആയത് ഷാനി മോള്‍ ഉസ്മാനുള്ള സിംപതി വോട്ടുകളാണ്.
അമിത അവകാശവാദങ്ങളുമായി വന്ന ജാതി സംഘടനകള്‍ക്ക് വോട്ടര്‍മാര്‍ നല്‍കിയ താക്കീതായി കൂടി ഈ ജനവിധി മാറി. ജാതി നോക്കി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലേ വിജയിക്കൂ എന്ന പ്രചാരണവും ഈ വിജയം അസ്ഥാനത്താക്കി.
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഭരണമാറ്റം എന്ന കാലങ്ങളായി തുടരുന്ന രീതിയില്‍ നിന്ന് കേരളം മാറിചിന്തിയ്ക്കുന്നു എന്നതിന്റെ കൂടി സൂചനയാണ് മിനി പോതുതെരെഞ്ഞെടുപ്പായി വിശേഷിപ്പിക്കപ്പെട്ട ഈ ഉപതെരെഞ്ഞെടുപ്പുകളില്‍ കണ്ടത്. യുഡിഎഫിന്റെ പൊന്നാപുരം കോട്ടകള്‍ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച രണ്ട് മണ്ഡലങ്ങളിലാണ് ഇപ്പോള്‍ എല്‍ ഡി എഫ് അനായാസം വിജയക്കൊടി നാട്ടിയത്. ഒരിക്കലും എല്‍ ഡി എഫിന് വോട്ടുചെയ്യുമെന്ന് ആരും കരുതിയിട്ടില്ലാത്ത ജനവിഭാഗങ്ങള്‍ പോലും എല്‍ഡി എഫിനൊപ്പം അണിനിരന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്ന സിപി ഐ എം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ ശരിവെക്കുന്നതുകൂടിയാണ് ഈ ഫലം.
ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളം വോട്ട് ചെയ്തത് രാഹുല്‍ ഗാന്ധിക്കാണ്. അവിടെയുണ്ടായതും ന്യൂനപക്ഷ ഏകീകരണമാണ്. എന്നാല്‍ എല്ലാവരും തങ്ങള്‍ക്കൊപ്പമാണെന്ന് യു ഡി എഫ് തെറ്റിദ്ധരിച്ചു. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പെരുന്നയിലേക്ക് നോക്കി നാവ് നീട്ടിയ യു ഡി എഫിന് സംഭവിച്ചത് ചരിത്രപരമായ മണ്ടത്തരം തന്നെയാണ്. ഇനി വേണ്ടത് പൊന്നാപുരം കോട്ടകള്‍ പുലിമുരുകനില്‍ നിന്നും കാക്കുക എന്ന അതിബൃഹത്തായ ദൗത്യമാണ്. അച്ചുതാനന്ദന്‍ 2011 ല്‍ തോറ്റത് വെറും 3 സീറ്റുകള്‍ക്ക് മാത്രമാണെന്ന് ഓര്‍ക്കുന്നത് നന്ന്.
"
https://www.facebook.com/Malayalivartha






















