വട്ടിയൂര്‍ക്കാവിലെ വലിയ തോല്‍വിക്ക് പിന്നാലെ കെ.പി.സി.സി നേതൃത്വത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചയാളുമായ പീതാംബരക്കുറുപ്പ് രംഗത്ത്

വട്ടിയൂര്‍ക്കാവിലെ വലിയ തോല്‍വിക്ക് പിന്നാലെ കെ.പി.സി.സി നേതൃത്വത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചയാളുമായ പീതാംബരക്കുറുപ്പ് രംഗത്ത്. കോണ്‍ഗ്രസില്‍ മുഴുവന്‍ പുഴുക്കുത്തുകളാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു. സംസ്ഥാന നേതൃത്വത്തിലുള്ള ചിലരുടെ ഭാവം രാജാവാന്നെന്നാണ്. വട്ടിയൂര്‍ക്കാവ് സീറ്റ് തനിക്കാണെന്നാണ് ഇവര്‍ പറഞ്ഞത്. എ.ഐ.സി.സി നേതാക്കളടക്കം വിളിച്ച് അഭിനന്ദിച്ചു. ഒടുവില്‍ സ്വാഹ. എന്താണ് സംഭവിച്ചതെന്ന് അറിയാം. തനിക്ക് പിന്നാലെ വന്നവരെ അടിച്ചോടിക്കന്നതും മുന്നേ പോയവരെ ഒതുക്കുന്നതും എല്ലാം കണ്ടവനാണ് താനെന്നും കുറുപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു. വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തോല്‍വികളെ കുറിച്ച് പരസ്യമായി പ്രതികരിക്കരുതെന്ന് നേതൃത്വം വിലക്കിയതിന് പിന്നാലെയാണ് പീതാംബരക്കുറുപ്പ് വെടിപൊട്ടിച്ചത്.
തന്റെ പിന്‍ഗാമിയായി പീതാംബരക്കുറുപ്പ് മത്സരിക്കട്ടെ എന്ന് എം.എല്‍.എയായിരുന്ന കെ.മുരളീധരന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്വഭാവഗുണമുള്ള സ്ഥാനാര്‍ത്ഥിയെ എങ്കിലും നിര്‍ത്തിക്കൂടേ എന്ന് വരെ അധിഷേപിച്ചു. എന്‍.എസ്.എസിന് അപ്രീയനാണ് പീതാംബരക്കുറുപ്പ് എന്നതും തിരിച്ചടിയായി. അതോടെ കുറുപ്പ് കറിവേപ്പിലയായി. മുരളി വടകരയ്ക്ക് വണ്ടികയറി. പിന്നാലെ സഹോദരി പത്മജാ വേണുഗോപാല്‍ കെ. മോഹന്‍കുമാറിന് വേണ്ടി രംഗത്തിറങ്ങി. മേയര്‍ ബ്രോ അല്ല, ബ്രോയിലര്‍ മേയറാണെന്നും 2018ലെ പ്രളയകാലത്ത് അദ്ദേഹം എന്ത് ചെയ്‌തെന്നുമുള്ള പത്മജയുടെ പ്രതികരണം യു.ഡി.എഫിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. കെ.കരുണാകരന്റെ വിശ്വസ്തനായിരുന്ന പീതാംബരകുറുപ്പിനെ മാറ്റിയത് പത്മജയ്ക്കും പിടിച്ചില്ലെന്നാണ് ഇപ്പോഴത്തെ ആക്ഷേപം.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് ചില നേതാക്കളും രാജാക്കന്‍മാരെ പോലെയാണ് പെരുമാറുന്നതെന്നാണ് കുറുപ്പിന്റെ മറ്റൊരു ആക്ഷേപം. യു.ഡി.എഫിലെ ഐക്യത്തിനായി സിറ്റിംഗ് സീറ്റ് വിട്ട് നല്‍കിയ ആളാണ് പീതാംബരക്കുറുപ്പ്. ആര്‍.എസ്.പി യു.ഡി.എഫില്‍ വന്നപ്പോള്‍ എന്‍.കെ പ്രേമചന്ദ്രന് വേണ്ടി കൊല്ലം പാര്‍ലമെന്റ് സീറ്റാണ് പീതാംബരക്കുറുപ്പ് നല്‍കിയത്. തിരിച്ച് കോണ്‍ഗ്രസ് അതേ മര്യാദ തന്നോട് കാട്ടിയില്ലെന്നാണ് കുറുപ്പിന്റെ നിലപാട്. കെ.കരുണാകരന്റെ കാലം മുതല്‍ കോണ്‍ഗ്രസിനും ഐ ഗ്രൂപ്പിനും ഒപ്പം ശക്തമായി പ്രവര്‍ത്തിക്കുന്ന തന്നെ അവഹേളിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയിട്ടും തിരുത്താന്‍ നേതൃത്വം തയ്യാറായില്ല. അതില്‍ പീതാംബരക്കുറുപ്പിന് കടുത്ത അതൃപ്തിയാണുള്ളത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം എ.ഐ.സി.സിക്ക് പരാതി നല്‍കിയേക്കുമെന്ന് അറിയുന്നു.
വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിറ്റിംഗ് എം.എല്‍.എമാരുടെ നിലപാട് പാര്‍ട്ടി കേള്‍ക്കാത്തത് തിരിച്ചടിയായെന്ന വിമര്‍ശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. തല്‍ക്കാലം കാര്യങ്ങള്‍ തണുപ്പിക്കാന്‍ നേതൃത്വം പാടുപെടുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വം വളരെ പരിതാപകരമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ അദ്ദേഹം പരാജയമാണെന്നാണ് ആക്ഷേപം. ഉപതെരഞ്ഞെടുപ്പില്‍ സിക്‌സര്‍ അടിക്കുമെന്ന് വീരവാദം മുഴക്കിയിട്ട് ഫോറുപോലും അടിക്കാനായില്ലെന്ന് മാത്രമല്ല, കയ്യിലിരുന്ന രണ്ട് സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം വരുംദിവസങ്ങളില്‍ ചര്‍ച്ചയാകും. എന്തായാലും കോണ്‍ഗ്രസില്‍ ദീപാവലിക്ക് ശേഷവും വെടിക്കെട്ട് തുടരുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha






















