ഉപതെരഞ്ഞെടുപ്പിലെ വന്‍പിച്ച പരാജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ തമ്മിലടി ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പിലെ വന്‍പിച്ച പരാജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ തമ്മിലടി ആരംഭിച്ചു. എല്‍.ഡി.എഫിലും യു.ഡി.എഫിലും പൊട്ടിത്തെറികളുണ്ടാക്കി പുറത്തായ ജനപക്ഷം നായകന്‍ പി.സി ജോര്‍ജ്ജ് ആദ്യത്തെ വെടിപൊട്ടിച്ചു. എന്‍.ഡി.എ മുന്നണി സംവിധാനമാണോ എന്ന് സംശയമുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും താനും പാര്‍ട്ടിയും മുന്നണി വിടുമെന്നും പി.സി വ്യക്തമാക്കി. ബിജെപി നേതാക്കളുടെ മുഖത്ത് ചിരി പോലും കാണാന്‍ പോലും പറ്റുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. എല്ലാ മുന്നണികളിലെയും എല്ലാ സ്ഥാനാര്‍ത്ഥികളും ജയിക്കാനാണ് മത്സരിക്കുന്നതെങ്കില്‍ എന്‍.ഡി.എയില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. കെ. സുരേന്ദ്രനെ മഞ്ചേശ്വരത്ത് മത്സരിപ്പിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നു. പക്ഷെ, തോല്‍പ്പിക്കാന്‍ കോന്നിയില്‍ നിര്‍ത്തുകയായിരുന്നെന്നും പി.സി ജോര്‍ജ്ജ് ആരോപിച്ചു.
അഹിന്ദുക്കള്‍ മനുഷ്യരല്ലെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും കരുതുന്നതെന്ന രൂക്ഷവിമര്‍ശനവും പി.സി നടത്തി. അതുകൊണ്ട് എന്‍.ഡി.എയില്‍ എത്രകാലം ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. മുന്നി കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം പോലും നിലനിര്‍ത്താന്‍ ബി.ജെ.പിക്കായില്ല. നേതാക്കളുടെ തമ്മിലടി കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകി. അവസാന ദിവസമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പത്രിക നല്‍കിയത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അതിന് കാരണം പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണ്. താന്‍ മുന്നണിയില്‍ നിന്നും ഒളിച്ചോടില്ലെന്നും എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ലെന്നും പി.സി വ്യക്തമാക്കി.
കെ.സുരേന്ദ്രനുമായി അടുത്തബന്ധമുള്ള പി.സി ജോര്‍ജ്ജ് അദ്ദേഹം വഴിയാണ് എന്‍.ഡി.എയുമായി അടുത്തത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് , സോളര്‍ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുരേന്ദ്രന്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. പി.സി ജോര്‍ജ്ജാണ് അവ ചോര്‍ത്തി നല്‍കിയതെന്ന ആക്ഷേപം ശക്തമായിരുന്നു. നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിനൊപ്പം നിലപാടുകള്‍ സ്വീകരിക്കാനും ഇരിപ്പിടം അടുത്തടുത്താക്കാനും ആയിരുന്നു പി.സി ജോര്‍ജ്ജ് ആദ്യം തീരുമാനം എടുത്തത്. അതിന് ശേഷമാണ് എന്‍.ഡി.എയില്‍ ചേരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു അത്. സുരേന്ദ്രനൊപ്പം പത്തനംതട്ടയില്‍ വോട്ട് തേടിയ പി.സി അദ്ദേഹം ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ പി.സി യുടെ മണ്ഡലമായ പൂഞ്ഞാറില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി പോയി.
പാലാ ഉപതെരഞ്ഞെടുപ്പിലും പി.സി എന്‍.ഡി.എയ്‌ക്കൊപ്പം നിന്ന് ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. 30,000 വോട്ടുകള്‍ സ്ഥാനാര്‍ത്ഥി ഹരിക്ക് കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ 2016ലേക്കാള്‍ ആറായിരത്തോളം വോട്ടിന്റെ കുറവുണ്ടായി. തന്റെ പാര്‍ട്ടിക്കാരും ബി.ഡി.ജെ.എസുകാരും ഉള്‍പ്പെടെ മാണി സി. കാപ്പനാണ് വോട്ട് ചെയ്തതെന്ന് പി.സി തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കിയിരുന്നു. പ്രചാരണവുമായി സഹകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തയ്യാറായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പിന്നീട് നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ പി.സി ജോര്‍ജ്ജ് മാധ്യമങ്ങളുമായി പങ്ക് വച്ചിരുന്നില്ല. പരാജയപ്പെട്ട ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. മൂന്ന് മുന്നണികളിലും ഉടക്കിട്ട പി.സി ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്ന് പ്രവചിക്കാനാകില്ല.
https://www.facebook.com/Malayalivartha






















