അമിത വേഗത്തിലെത്തിയ ലോറി ബൈക്കിലും കാറിലും ഇടിച്ചു മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

അമിത വേഗത്തിലെത്തിയ ലോറി ബൈക്കിലും കാറിലും ഇടിച്ചു മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്ക്. കൊട്ടാരക്കര - ദിണ്ഡിഗല്‍ ദേശീയപാത 183ല്‍ ചോറ്റിക്കു സമീപമാണ് സംഭവം നടന്നത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ കൊക്കയാര്‍ വെംബ്ലി സ്വദേശികളായ ഇടമണ്ണില്‍ ഇ.ബി. ഷാജി (അനി-48) മണ്ണശേരി അരുണ്‍കുമാര്‍ (അനന്തു-24) കാര്‍ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കല്‍ ശ്രീധരന്‍ പിള്ള (65) എന്നിവരാണ് മരിച്ചത്. ശ്രീധരന്റെ മകള്‍ രാധിക, ഭര്‍ത്താവ് സുനീഷ് എന്നിവരെ പരിക്കുളോടെ കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് 12ന് ചോറ്റിക്കും നിര്‍മലരാം ജംഗ്ഷനും ഇടയിലായിരുന്നു അപകടം.
മുണ്ടക്കയം ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറി മുണ്ടക്കയം ഭാഗത്തേക്കു പോകുകയായിരുന്ന ഇരു ചക്രവാഹനത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം എതിരേ വന്ന കാറിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ഷാജിയും അരുണ്‍കുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിനു പിന്നില്‍ യാത്ര ചെയ്തിരുന്ന ഷാജി എതിര്‍വശത്തെ ഓടയിലേക്കു തെറിച്ചു വീണു. കാര്‍ വെട്ടിപ്പൊളിച്ചാണ് ശ്രീധരന്‍ പിള്ളയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാധികയുടെയും സുനീഷിന്റെയും വിവാഹം.
ഇന്നലെ പാറത്തോട് പഞ്ചായത്തില്‍ വിവാഹ റജിസ്‌ട്രേഷന് അപേക്ഷ നല്‍കി കാറില്‍ മടങ്ങുകയായിരുന്നു ഇവര്‍. തേനിയില്‍ നിന്നു പച്ചക്കറിയുമായി വന്ന ലോറി ചങ്ങനാശേരിയില്‍ ലോഡിറക്കി തിരിച്ചു പോകും വഴിയായിരുന്നു അപകടം. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ലോറിയുടെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha






















