വീടിന്റെ മതിലിനു മുകളിലൂടെ പട്ടാപകല്‍ പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്തു; ചോദ്യം ചെയ്തതിന് കുടുംബനാഥനെ മര്‍ദ്ദിച്ച ഇരുപതുകാരന്‍ പോലീസ് പിടിയില്‍

ഇക്കഴിഞ്ഞ 21 -ാം തീയതി ഉച്ചയ്ക്ക് കോതനല്ലൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ.ജെ. മാത്യുവിന്റെ (തങ്കച്ചന്‍-52) വീടിന് മുന്നിലെ മതിലില്‍ കയറി വീടിനുള്ളിലേക്ക് ഫോക്കസ് ചെയ്ത് മൊബൈലില്‍ കുടുംബാംഗങ്ങളുടെ ഫോട്ടോയെടുത്തത് ചോദ്യം ചെയ്ത ഗൃഹനാഥനെ വീട്ടില്‍ കയറി തലയ്ക്കടിച്ച് പരിക്കേല്‍പിച്ച കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കോതനല്ലൂര്‍ സ്വദേശി മനുവിനെ (20) ആണ് കടുത്തുരുത്തി എസ്‌ഐ ബി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പെട്ടിട്ടുള്ള മനുവിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ അഖിലിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
തന്റെ പെണ്‍മക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ ഫോട്ടോയാണ് ഇവര്‍ എടുത്തതെന്ന് മനസ്സിലാക്കിയ മാത്യു ഇവരെ ചോദ്യം ചെയ്തു. ഇതോടെ ഇവിടെ നിന്നും മുങ്ങിയ പ്രതികള്‍ രാത്രി ഏഴോടെ മാത്യുവിന്റെ വീട്ടിലെത്തി ബഹളം വച്ചു. ഈ സമയം വീടിന് വെളിയിലിറങ്ങിയ മാത്യുവിന്റെ തലയ്ക്ക് പ്രതികള്‍ കൈയ്യില്‍ കരുതിയിരുന്ന ഹെല്‍മറ്റിന് അടിക്കുകയായിരുന്നു.
ആക്രമണത്തില്‍ തലയ്ക്കു മുറിവേറ്റ മാത്യു മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍പോവുകയായിരുന്നു. കാണക്കാരിയില്‍നിന്നും ഇന്നലെ ഉച്ചയോടെ പിടികൂടിയ ഒന്നാം പ്രതി മനുവിനെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha






















