കരമന സ്വത്ത് തട്ടിപ്പ് കേസില്‍ ദുരൂഹതയില്ലെന്ന് ആരോപണ വിധേയനായ കാര്യസ്ഥന്‍

കരമന കൂട്ടക്കൊലപാതകത്തില്‍ ദുരൂഹത ആരോപിച്ച് സ്വത്ത് തട്ടിപ്പ് കേസില്‍ വിശദീകരണവുമായി ആരോപണ വിധേയനായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍. ജയമാധവന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നതായും രവീന്ദ്രന്‍ നായര്‍ പറഞ്ഞു. ജയമാധവന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് സ്വത്തുക്കള്‍ എഴുതി നല്‍കിയതെന്നും ജയമാധവനെ പരിചരിക്കാന്‍ ബന്ധുക്കള്‍ ആരുമുണ്ടായിരുന്നില്ലെന്നും രവീന്ദ്രന്‍ വെളിപ്പെടുത്തി.
കരമനയില്‍ ഒരു കുടുംബത്തിലെ ഏഴ് പേരുടെ മരണത്തിലാണ് ദുരൂഹത ആരോപിക്കപ്പെട്ടത്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
ഇതൊക്കെയും കൊലപാതകങ്ങള്‍ ആണെന്നും സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കമാണെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. കുടുംബാംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് കാര്യസ്ഥന്‍ സ്വത്ത് തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. കരമന പൊലീസ് പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha






















