ബിജെപിയുടെ പുതിയ പ്രസിഡന്റിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവം; സുരേന്ദ്രനാണ് മുന്‍ഗണനയെങ്കിലും സാമുദായിക സമവാക്യങ്ങള്‍ തകരും എന്നുള്ള ഭയത്തില്‍ ബിജെപി നേതൃത്വം; തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ബിജെപി തന്ത്രങ്ങള്‍ ഇങ്ങനെ

നായര്‍ സമുദായം അകന്നത് വട്ടിയൂര്‍ക്കാവില്‍ തിരിച്ചടിയായതായി വിലയിരുത്തല്‍. ശ്രീധരന്‍പിള്ളയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നു മാറ്റിയത് നായര്‍ സമുദായവും ആയുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വം ഭയക്കുന്നു. നിലവില്‍ ഈഴവ സമുദായത്തില്‍ നിന്ന് വി മുരളീധരന്‍ കേന്ദ്ര മന്ത്രിയായിരിക്കെ കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് ആയി പ്രഖ്യാപിച്ചാല്‍ സാമുദായിക സമവാക്യങ്ങള്‍ തകരും എന്നുള്ള ഭയത്തിലാണ് ബിജെപി നേതൃത്വം.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഏറെ അകലെയല്ലാതിരിക്കെ നായര്‍ സമുദായത്തെ കൂടുതല്‍ അന്യവല്‍ക്കരിക്കരുത് എന്ന അഭിപ്രായമാണ് പൊതുവില്‍ സംഘപരിവാറില്‍ ഉയരുന്നത്. ബിജെപിയുടെ വോട്ട് ബാങ്ക് ആയ നായര്‍ സമുദായത്തിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല എന്ന ആക്ഷേപം ശക്തമാണ്. ശ്രീധരന്‍പിള്ളയെ മാറ്റിയതോടെ ആ ആക്ഷേപത്തിന് അതിന് ശക്തി പകരുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.
അടുത്ത സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് എന്‍എസ്എസ് നേതൃത്വവുമായി അടുപ്പമുള്ള എ.എന്‍ രാധാകൃഷ്ണന്റെ പേരും ഇപ്പോള്‍ പരിഗണനയിലാണ്. പരസ്യമായി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്എന്‍ഡിപി വിഭാഗത്തിന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന നല്‍കുന്നതില്‍ സംഘപരിവാറില്‍ അസംതൃപ്തി പുകയുകയാണ്. മാത്രമല്ല ഈഴവ സമുദായത്തിന് സിപിഎം കൂടുതല്‍ പരിഗണന കൊടുത്തു എന്നത് ചര്‍ച്ചാവിഷയമായിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇടതുപക്ഷ മുന്നണിക്ക് 5 എംഎല്‍എമാരാണ് ഉള്ളത് .
https://www.facebook.com/Malayalivartha






















