രഹസ്യ കച്ചവടത്തിനായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പന്തളത്ത് രഹസ്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി. മുടിയൂര്‍ക്കോണം എംടി എല്‍പി സ്‌കൂളിനു സമീപം വാടകയ്‌ക്കെടുത്ത വീടാണ് പുകയില ഉത്പന്നങ്ങളുടെ ഗോഡൗണായി ഉപയോഗിച്ചിരുന്നത്. കച്ചവടക്കാരന്‍ അടൂര്‍ പെരിങ്ങനാട് ചിറവരമ്പില്‍ രാജനെ (മൊന്തരാജന്‍-52) അറസ്റ്റു ചെയ്തു. കൂട്ടുപ്രതിയായ ഇയാളുടെ മകന്‍ അഖില്‍ രാജനു വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസിന്റെ നിര്‍ദേശപ്രകാരം ശനിയാഴ്ച രാത്രി പത്തോടെ ജില്ലാ ആന്റി നാര്‍കോട്ടിക് ടീമാണ് റെയ്ഡ് നടത്തിയത്. ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്. തമിഴ്‌നാട്ടില്‍ നിന്നും പായ്ക്കറ്റ് ഒന്നിന് മൂന്നു രൂപയ്ക്കു വാങ്ങി 50-ഉം 60-ഉം രൂപയ്ക്കാണ് ഇവര്‍ കച്ചവടം നടത്തിയിരുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 40,000 പായ്ക്കറ്റാണ് പിടികൂടിയത്.
തമിഴ്‌നാട്ടില്‍നിന്നു വൈയ്‌ക്കോല്‍ ലോറിയിലും മറ്റും ഒളിച്ചു കടത്തിയാണ് ഗോഡൗണിലെത്തിക്കുന്നത്. തുടര്‍ന്നു രാത്രിയില്‍ കാറിലാണ് രഹസ്യമായി ഇവര്‍ കടകളിലെത്തിച്ചിരുന്നത്. കഞ്ചാവ്, സ്പിരിറ്റ്, അബ്കാരി തുടങ്ങിയ കേസുകളിലെ വന്‍ശിക്ഷയുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍, അഥവാ ഇത് പിടിക്കപ്പെട്ടാല്‍ തന്നെ ലഭിക്കുന്ന കുറഞ്ഞ ശിക്ഷയും വന്‍ ലാഭവുമാണ് മുമ്പ് കഞ്ചാവും സ്പിരിറ്റും കച്ചവടം നടത്തിയിരുന്നവര്‍ ഇപ്പോള്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയിലേക്ക് കളംമാറാന്‍ കാരണമായത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപമുള്ള കടകളില്‍ ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു നടന്നു വരുന്ന അന്വേഷണത്തില്‍ നിരവധി പേരെ പിടികൂടുകയും ചെയ്തു. ഇതോടെയാണ് ഉറവിടം തേടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചത്. ഇത്തരം കച്ചവടങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
നിരവധി അബ്കാരി കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് രാജന്‍. ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു. പന്തളം എസ്എച്ച്ഒ ഇ.ഡി. ബിജു, ആന്റി നാര്‍ക്കോട്ടിക്ക് എസ്‌ഐ ആര്‍.എസ്. രഞ്ജു, ടീമംഗങ്ങളായ എഎസ്‌ഐ രാധാകൃഷ്ണന്‍, വിത്സണ്‍, പന്തളം എസ്‌ഐ ശ്രീകുമാര്‍, എഎസ്‌ഐ സന്തോഷ് എന്നിവരാണ് റെയ്ഡിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
https://www.facebook.com/Malayalivartha


























