ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...

കേരളത്തിന്റെ തനത് കായിക-സാംസ്കാരിക പാരമ്പര്യമായ വള്ളംകളിയുടെ പെരുമ രാജ്യാന്തര തലത്തിലേക്ക് ഉയർത്താൻ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് ഇന്ന്. കരുവാറ്റ ലീഡിംഗ് ചാനൽ വാട്ടർ സ്റ്റേഡിയത്തിൽ തുടക്കമാകും. നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒൻപത് സ്ഥാനത്തെത്തിയ ചുണ്ടൻ വള്ളങ്ങളാണ് സി ബി എൽ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. ആഭ്യന്തര-വിജിലൻസ്-കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നത്. എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു, കെ സി വേണുഗോപാൽ എം പി, എംഎൽഎമാരായ എ.ഡി. തോമസ്, സജി ചെറിയാൻ തുടങ്ങിയവർ സംസാരിക്കും. ടൂറിസം ഡയറക്ടർ എം അഞ്ജന ഐഎഎസ് റിപ്പോർട്ട് അവതരിപ്പിക്കും.
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ, കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ മനു, ജില്ലാ പഞ്ചായത്തംഗം അനില രാജു തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30-ഓടെ വള്ളംകളി മത്സരങ്ങൾ ആരംഭിക്കും. വിജയികൾക്കുള്ള ട്രോഫികൾ സജി ചെറിയാൻ എംഎൽഎ വിതരണം ചെയ്യും.
സംസ്ഥാനത്തെ ടൂറിസം സീസണ്‍ തുടങ്ങാനുള്ള ഏറ്റവും മികച്ച ടൂറിസം ഉത്പന്നമാണ് സിബിഎല്‍ എന്ന് ടൂറിസം-സാംസ്ക്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ടൂറിസം സീസണിൽ നാടിന്റെ ഗ്രാമീണ സൗന്ദര്യവും തനത് സംസ്കാരവും വിദേശ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരിലേക്ക് എത്തിക്കാനും സിബിഎല്ലിലൂടെ സാധിക്കും. ഇതോടൊപ്പം വള്ളംകളിയെ അന്താരാഷ്ട്ര ടൂറിസം-കായിക ബ്രാന്‍ഡാക്കി മാറ്റാനും ഇത് സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചാമ്പ്യൻസ് ബോട്ട് ലീഗ് 2026-ൽ അരോമ ചുണ്ടൻ (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം), നടുഭാഗം ചുണ്ടൻ (പി.ബി.സി. പുന്നമട, എന്‍സിഎഫ് സി ബോട്ട് ക്ലബ്ബ്), വീയപുരം ചുണ്ടൻ (യുബിസി കൈനകരി), മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, കപ്പപ്ലാവ്), നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്ബ്, നിരണം), ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം), ചെറുതന ചുണ്ടൻ (എന്‍ബിസി നാട്ടകം ബോട്ട് ക്ലബ്ബ്), പുണ്യാളൻ നിരണം (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്,കുമരകം), തലവടി ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ്ബ്) എന്നീ ഒൻപത് വള്ളങ്ങളാണ് അണിനിരക്കുന്നത്.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പങ്കെടുക്കുന്ന ടീമുകൾ അവരവരുടെ വള്ളങ്ങളുടെ പേരിൽ തന്നെയാവും അറിയപ്പെടുക. ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങൾ കൊല്ലം കല്ലട (സെപ്റ്റംബർ 23), ആലപ്പുഴ പാണ്ടനാട് (സെപ്റ്റംബർ 26), തൃശ്ശൂർ കോട്ടപ്പുറം (ഒക്ടോബർ 2), എറണാകുളം മറൈൻ ഡ്രൈവ് (ഒക്ടോബർ 10), പിറവം (ഒക്ടോബർ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബർ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലായി നടക്കും. നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎൽ ആറാം സീസണിന് സമാപനമാവുന്നത്.
https://www.facebook.com/Malayalivartha

























