വാളയാറില്‍ സഹോദരിമാരായ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടതിനെതിരെ ജനരോഷം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പെട്ടു

വാളയാറില്‍ സഹോദരിമാരായ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടതിനെതിരെ ജനരോഷം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പെട്ടു. നിയമസഭയിലും പുറത്തും പ്രതിഷേധം ആളിക്കത്തിയതോടെ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവന്നു. കേസ് ഗൗരവമായി പരിശോധിച്ച് നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അപ്പീല്‍ നല്‍കുകയും പ്രഗത്ഭനായ അഡ്വക്കേറ്റിന്റെ സഹായത്തോടെ കേസ് മേല്‍ക്കോടതിയില്‍ വാദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. അവശേഷിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് കോടതിയിലെ കേസുകളിലും ഇതേ നിലപാട് സ്വീകരിക്കും. ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കാര്യത്തിന് വാളയാര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. അന്വേഷണമേല്‍നോട്ടത്തിവ് വീഴ്ച വരുത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി ശിക്ഷാനടപടി സ്വീകരിച്ചു. കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണോ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പോലീസിന്റെ വീഴ്ചയാണോ എന്ന് പരിശോധിക്കും. രണ്ടു കുട്ടികളുടെയും ദാരുണമായ അന്ത്യം ആരുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണാനന്തരം ആണെങ്കിലും ആ കുട്ടികള്‍ക്ക് നീതി കിട്ടണമെന്നാണ് സര്‍ക്കാറിന് നിര്‍ബന്ധമുള്ളത്. ഇരയാകുന്നവരുടെ പക്ഷത്താണ് എന്നും ഈ സര്‍ക്കാര്‍. അതില്‍ രാഷ്ട്രീയമില്ല. ഭരണപ്രതിപക്ഷ പരിഗണനയും ഇല്ല. മനുഷ്യത്വം മാത്രമാണ് പരിഗണനാര്‍ഹമായ വിഷയം. അത് മുന്‍ നിര്‍ത്തി ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകും. പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ വേണ്ടതെന്ന് ഗൗരവമായി പരിശോധിച്ച് നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന സമയത്ത് കാര്യക്ഷമമായി അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നതാണ്. പ്രാദേശിക സി.പി.എം നേതാക്കളും പൊലീസും ചേര്‍ന്നാണ് കേസ് അട്ടിമറിച്ചതെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാവും നാട്ടുകാരും ആരോപിക്കുന്നു. പാലക്കാട്ട് ജില്ലയില്‍ നിന്നുള്ള മന്ത്രി എ.കെ ബാലനും മറ്റ് ചില നേതാക്കളുമാണ് കേസ് അട്ടിമറിച്ചതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനും ആരോപിച്ചു. പ്രതികള്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് ഹാരജായത് അതീവഗുരുതരമായ വീഴ്ചയാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനും ചൂണ്ടിക്കാട്ടിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. അതിനിടെ തെളിവുണ്ടെങ്കില്‍ കേസ് വീണ്ടും അന്വേഷിക്കാമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.
കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമ കേസുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 30.09.2019 വരെ 9836 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 8907 കേസുകളില്‍പ്പെട്ട 9918 പ്രതികളെ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളില്‍ 30.09.2019 വരെ 46842 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 59395 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് 30.09.2019 വരെ 609 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 434 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസിന്റെ ശക്തമായ ഇടപെടല്‍ മൂലം മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന സംഭവങ്ങള്‍ക്കെല്ലാം തന്നെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതിന്റെ തെളിവാണ് മേല്‍പ്പറഞ്ഞ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളില്‍ 97 ശതമാനത്തോളം കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha


























