ഭർത്താവിന്റെ കടയിലെത്തി മെഡിക്കൽ സ്റ്റോറിൽ പോകണമെന്നു പറഞ്ഞ് ടൂ വീലറുമായി ഇറങ്ങി; പിന്നീട് കണ്ടെത്തിയത് ഉപേക്ഷിച്ച നിലയിൽ സ്കൂട്ടറും, ആത്മഹത്യാ കുറിപ്പും- കരമനയാറ്റില്‍ ചാടിയതെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹം സ്കൂബ ടീം നടത്തിയ തിരച്ചിലിൽ കണ്ടെത്തി

കരമനയാറ്റില്‍ ചാടിയതെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹം ഏലിയാവൂർ പാലത്തിൽനിന്ന് നാല് കിലോമീറ്റർ അകലെ കണ്ടെത്തി. ബുധനാഴ്ച മുതൽ കാണാതായ പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യ ഷാലു(24) വിന്റെ മൃതദേഹം സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി എട്ടെ മുക്കാലോടെ പാലത്തിൽ നിന്ന് ഇവർ ആറ്റിൽ ചാടിയിരിക്കാമെന്നാണു പ്രാഥമിക നിഗമനം. ഷാലു സഞ്ചരിച്ച സ്കൂട്ടർ സമീപം നിർത്തിയിട്ടിരുന്നു. വാഹനത്തിൽ ആത്മഹത്യാ കുറിപ്പും ഉണ്ടായിരുന്നു.
ആര്യനാട് പോസ്റ്റ് ഓഫിസിന് സമീപം ബേക്കറി കട നടത്തുകയാണ് യുവതിയുടെ ഭർത്താവ്. ഭർത്താവിനെ സഹായിക്കാൻ ഷാലുവും കടയിൽ എത്താറുണ്ട്. കടയിൽ നിന്ന് പ്രശാന്തിനോട് മെഡിക്കൽ സ്റ്റോറിൽ പോകണമെന്നു പറഞ്ഞാണ് ടൂ വീലറുമായി ഷാലു ഇറങ്ങിയതെന്ന് ബന്ധു പറഞ്ഞു. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് സ്കൂബ ടീം ആണ് ഇന്നലെ തിരച്ചിൽ നടത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മകൻ ആരവ്.
https://www.facebook.com/Malayalivartha




















