സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി

കേരളത്തിന്റെ അതിര്‍ത്തി പഞ്ചായത്തുകളില്‍ ശുദ്ധജലമെത്തിക്കുന്നതിനുളള 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതിയുടെ ഭാഗമായ മാവിളക്കടവിലെ കൂറ്റന്‍ കിണറിന്റെ നിര്‍മാണം അന്തിമ ഘട്ടത്തില്‍. കുളത്തൂര്‍, കാരോട്, ചെങ്കല്‍ പഞ്ചായത്തുകള്‍ക്ക് ജലമെത്തിക്കുന്നതിനായി കിഫ്ബിയുടെയും ജലജീവന്‍ മിഷന്റെയും ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതാണ് നിര്‍ദിഷ്ട പദ്ധതി. നെയ്യാറിലെ മാവിളക്കടവില്‍ വലിയ കിണര്‍ നിര്‍മിച്ച് അതില്‍ നിന്നുളള വെള്ളം കുളത്തൂര്‍, ചെങ്കല്‍, കാരോട് പഞ്ചായത്തുകളിലെ വാട്ടര്‍ ടാങ്കുകളില്‍ എത്തിച്ച് വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടിയുളള മാവിളക്കടവിലെ കിണര്‍ നിര്‍മാണം 90 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്.
നെയ്യാറില്‍ മാവിളക്കടവ് പാലത്തിനരികില്‍ 20മീറ്റര്‍ ഉയരത്തിലും 9 മീറ്റര്‍ വിസ്തൃതിയിലുമാണ് കിണര്‍ നിര്‍മാണം നടക്കുന്നത്. ഇനി ആറു മീറ്റര്‍ കൂടി ഉയര്‍ത്തി അതിനു മുകളിലായിരിക്കും മോട്ടര്‍ സ്ഥാപിക്കുക. പരമാവധി 2 മാസത്തിനുളളില്‍ കിണര്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാവും. ഏതു വരള്‍ച്ചയിലും ജലക്ഷാമം വരാതിരിക്കാനായി മാവിളക്കടവ് പാലത്തിന് സമീപം തടയണയും നിര്‍മിക്കുന്നുണ്ട്. ഇവിടെ നിന്ന് 6.5 കിലോമീറ്റര്‍ അകലെ പൊന്‍വിളയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ചാണ് ജലവിതരണം നടത്തുക. പൊന്‍വിളയില്‍ പ്ലാന്റിന്റെ നിര്‍മാണവും പൂര്‍ത്തിയായി വരുന്നു.
പൊന്‍വിളയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിനടുത്ത് തന്നെ 30 ലക്ഷം ശേഷിയുളള പ്രധാന ടാങ്ക് നിര്‍മാണം അടുത്തയാഴ്ച ആരംഭിക്കും. പ്ലാന്റില്‍ ശുദ്ധീകരിക്കുന്ന വെള്ളം ഈ ടാങ്കില്‍ സംഭരിച്ച ശേഷം മൂന്നു പഞ്ചായത്തുകളിലെ വിതരണ ടാങ്കുകളിലേക്ക് എത്തിക്കും. ചെങ്കല്‍ പഞ്ചായത്തിലെ ജലവിതരണത്തിനായി ഉദിയന്‍കുളങ്ങര ചന്തയ്ക്കു പിന്നിലായി 17 ലക്ഷം ലീറ്റര്‍ ശേഷിയുളള ടാങ്ക് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. കുളത്തൂര്‍ പഞ്ചായത്തിലെ ജലവിതരണത്തിന് ഉച്ചക്കടയ്ക്കടുത്ത് കുന്നുംപുറത്ത് 20 ലക്ഷത്തിന്റെ ടാങ്ക് നിര്‍മാണത്തിനുളള ജോലികള്‍ ആരംഭിച്ചു. കാരോട് പഞ്ചായത്തിന് വേണ്ടി അമ്പിലികോണത്ത് 10 ലക്ഷം ലീറ്ററിന്റെ ടാങ്കാണ് സ്ഥാപിക്കുക. എന്നാല്‍ ഇവിടെ പഞ്ചായത്ത് ഇനിയും സ്ഥലം കണ്ടെത്തി നല്‍കാത്തത് മൊത്തം പദ്ധതിയുടെയും പൂര്‍ത്തീകരണത്തിന് തടസ്സമാകുന്നു. ടാങ്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പുറമ്പോക്കില്‍ താമസിക്കുന്ന രണ്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ കഴിയാത്തതാണ് ഇവിടത്തെ പ്രശ്‌നം. കാരോട് ടാങ്ക് നിര്‍മാണം ആരംഭിച്ചാല്‍ പരമാവധി ഒരു വര്‍ഷത്തിനുളളില്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ആകെ 20.5 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ ആവശ്യമുളളതില്‍ കുളത്തൂര്‍, കാരോട് പഞ്ചായത്തുകളുടെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ചെങ്കല്‍ പഞ്ചായത്തില്‍ തോട്ടിന്‍കര മുതല്‍ ഉദിയന്‍കുളങ്ങര വരെയുളള 7 കിലോമീറ്റര്‍ പൈപ്പിടല്‍ ഉടന്‍ ആരംഭിക്കും. പൈപ്പിടലിനായി കുത്തിപ്പൊളിച്ച റോഡുകള്‍ ശുദ്ധജലപദ്ധതിയുടെ ഭാഗമായി ജല അതോറിറ്റി തന്നെ പുനര്‍ നിര്‍മിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha




















