വേലിയിലിരിക്കുന്ന പാമ്പിനെ തോളത്തിട്ട് അടി വാങ്ങണോയെന്ന് പിള്ള ചിന്തിക്കണമെന്ന് പി.സി. ജോര്‍ജ്

കെ.ബി. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള അണിയറ ശ്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് വീണ്ടും രംഗത്തെത്തി. വേലിയില്‍ ഇരിക്കുന്ന പാമ്പിനെ തോളത്തിട്ട് വീണ്ടും അടി വാങ്ങണോ എന്ന് ബാലകൃഷ്‌ണ പിള്ള ചിന്തിക്കണമെന്ന് പി.സി. ജോര്‍ജ്. കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്‌ണ പിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷിനെ മന്ത്രിയാക്കാനാവശ്യപ്പെട്ട് കത്ത് കൊടുക്കാന്‍ ബാലകൃഷ്‌ണ പിള്ളയ്‌ക്ക് അവകാശമുണ്ട്. എന്നാല്‍ അക്കാര്യം തീരുമാനിക്കേണ്ടത് യുഡിഎഫാണ്. ഗണേഷിനെ മന്ത്രിസഭയിലേക്ക് വീണ്ടുമെടുക്കുന്നത് ധാര്‍മ്മികതയല്ലെന്നും പറഞ്ഞു.
വീണ്ടും മന്ത്രിയാവാനായി ഗണേഷ്‌കുമാര്‍ ചരടുവലിക്കുന്നത് കണ്ട് പി.സി. ജോര്‍ജ് നേരത്തേ രംഗത്തെത്തിയിരുന്നു. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാന്‍ കഴിയില്ല. രാജിക്ക് ഇടയായ കാര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. യാമിനി പറഞ്ഞ കാര്യങ്ങള്‍ ഗണേഷ് സമ്മതിച്ചതാണ്. യാമിനിയുടെ സത്യവാങ്‌മൂലം നിലനില്‍ക്കുന്നിടത്തോളം ഗണേഷ് പാപിയാണ്. യുഡിഎഫില്‍ ചര്‍ച്ചചെയ്യാതെ ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിള്ളയ്‌ക്ക് ക്യാബിനറ്റ് റാങ്കോടെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള പാര്‍ട്ടിക്ക് വീണ്ടുമൊരു മന്ത്രിയെ എങ്ങനെ കൊടുക്കാനാവും. എങ്കില്‍ പലപാര്‍ട്ടികള്‍ക്കും വീണ്ടും മന്ത്രിസ്ഥാനം കൊടുക്കേണ്ടി വരും. ബുദ്ധിയുള്ള മുഖ്യമന്ത്രി ഗണേഷിനെ മന്ത്രിയാക്കാനുള്ള മണ്ടന്‍ തീരുമാനം എടുക്കുമെന്ന് കരുതുന്നില്ലെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
ഗണേഷ് മുന്നണിക്ക് അപമാനമാണ്. എംഎല്‍എ ആയി തുടരുന്നതു പോലും ശരിയല്ല. ഗണേഷിനെ മന്ത്രിയാക്കാം. പക്ഷേ അത് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഒറ്റയ്‌ക്ക് ഭരിക്കുമ്പോഴേ കഴിയൂ എന്നും വ്യക്തമാക്കിയിരുന്നു
https://www.facebook.com/Malayalivartha


























