ആരതിയുടെയും വിവേകിന്റെയും വിവാഹം മുടങ്ങി; വൈരാഗ്യത്തിൽ കൂട്ടുക്കാരിയുമായി ആരതി വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു; കെ എസ് യുക്കാർ കത്തിച്ചതെന്ന് വരുത്തി തീർക്കാൻ വ്യാജക്കത്ത്; രണ്ടിനെയും കുടുക്കിയത് ഓട്ടോയും ജി പേയും ; കസ്റ്റഡിയിൽ ഒരാൾ എലി വിഷം കഴിച്ചു

സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് രാത്രി തീ കത്തിച്ചു നശിപ്പിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ആർച്ചൽ പാലവിള വീട്ടിൽ വി.എസ്. വിവേകിന്റെ വീട്ടിലാണ് സംഭവവികാസങ്ങൾ അരങ്ങേറിയത്.
സിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ 2 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണു പിടിയിലായത്. പൊലീസ് കസ്റ്റഡിയിൽ ആയ ആരതി വിഷം ഉള്ളിൽച്ചെന്ന നിലയിൽ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരതിയും വിവേകും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണു ബൈക്ക് കത്തിക്കാൻ കാരണം. ആരതിയുടെയും പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ വിവേകിന്റെയും വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് വിവാഹം മുടങ്ങിയതിലുളള വൈരാഗ്യത്തിലാണ് ആരതി വിവേകിന്റെ ബൈക്ക് കത്തിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതികൾ പിടിയിലായത്.
സമീപവാസിയായ ഒരാൾ പ്രദേശത്ത് പുലർച്ചെ അപരിചിതരായ സ്ത്രീകളെ കണ്ടതായി പറഞ്ഞു . തുടർന്ന് ഇവർ കയറിപ്പോയ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി . ഓട്ടോക്കൂലി നൽകിയ ഗൂഗിൾ പേ നമ്പർ കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് പ്രതികളിലേക്ക് എത്തിയത്.
കേസിന്റെ റൂട്ട് മാറ്റി വിടുക എന്ന ലക്ഷ്യത്തോടെ ഒരു വ്യാജക്കത്ത് ഇവർ എഴുതിയിരുന്നു. പുനലൂർ കോളജിൽ മൂന്നു വർഷം മുൻപ് വിവേക് ഉൾപ്പെടുന്ന പൊലീസ് സംഘം ഒരു വിദ്യാർഥി സംഘടനയുടെ പ്രവർത്തകരെ തല്ലിയതിനു പ്രതികാരമായി ബൈക്ക് കത്തിച്ചു എന്ന തരത്തിലാണു കത്തിൽ രേഖപ്പെടുത്തിയിരുന്നത്.
ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് നീ വിചാരിച്ചോ.. നീ കുറച്ച് നാൾ ലീവെടുത്തതുൾപ്പെടെ നിന്റെ അടൂർ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങളറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങൾ മറക്കില്ല, നീ സൂക്ഷിച്ചോ, നിന്റെ നാറിയ കഥകൾ ലോകം അറിയാൻ പോകുന്നു. നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാൻ കുറച്ചുനാളുകൾ മാത്രം', എന്നായിരുന്നു കത്തിൽ കുറിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























