വിങ്ങിപ്പൊട്ടി ഇറാനികള്‍... സ്വന്തം പിതാവ് മിസൈലിന്റെ ശക്തിയാല്‍ തവിട് പൊടിയായിട്ടും ഒരു തുള്ളി കണ്ണീര്‍ വീഴ്ത്താതെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വെല്ലുവിളിച്ച് ക്വാസിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനി; എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അസാനിച്ചുവെന്ന് കരുതരുത്; സൈനബിന്റെ ചങ്കൂറ്റം ഏറ്റെടുത്ത് ഇറാന്‍

ഇറാനിലെ സൈന്യത്തിലെ എല്ലാമെല്ലാമായിരുന്ന ക്വാസിം സുലൈമാനിയെ മിസൈലാക്രമത്തിലൂടെ തകര്‍ത്ത അമേരിക്കയുടെ നടപടി ഇറാനെ വൈകാരികതലങ്ങളിലെത്തിച്ചു. ക്വാസിം സുലൈമാനിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇറാനെ ഇളക്കി മറിച്ചു. നിരവധി പേരാണ് അലമുറയിട്ട് കരഞ്ഞത്. എന്തിന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിങ്ങിപ്പൊട്ടുകയും ചെയ്തു. എന്നാല്‍ ക്വാസിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനി എല്ലാ സങ്കടങ്ങളും ഉള്ളിലൊളിപ്പിച്ച് ട്രംപിനെതിരെ ആഞ്ഞടിക്കുകയാണ് ചെയ്തത്. അമേരിക്കയ്ക്ക് സൈനബ് സുലൈമാനി ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. തന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അവസാനിച്ചുവെന്ന് കരുതരുതെന്ന് സൈനബ് പറഞ്ഞു. ഇറാന്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് ജനങ്ങളോട് സംസാരിക്കുകയായിരുന്നു സൈനബ്.
ഭ്രാന്തന്‍ ട്രംപ്, എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അസാനിച്ചുവെന്ന് കരുതരുത്‌സൈനബ് പറഞ്ഞു. തന്റെ പിതാവ് കൊല്ലപ്പെട്ട ദിവസം അമേരിക്കയെ സംബന്ധിച്ചിടത്തോളും ഇനി എന്നും കറുത്ത ദിനമായിരിക്കുമെന്നും സൈനബ് മുന്നറിയിപ്പ് നല്‍കി.
ക്വാസിം സുലൈമാനിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയില്‍ ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്തു. അമേരിക്കയ്ക്ക് എതിരായ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ജനങ്ങള്‍ സുലൈമാനിയുടെ വിലാപ യാത്രയില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി മുതല്‍ സൈനിക മേധാവികള്‍ വരെയുള്ള വിതുമ്പലോടെയാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
അതേസമയം ഇറാന്റെ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് 80 ദശലക്ഷം ഡോളര്‍ (ഏകദേശം 575 കോടി രൂപ) സമ്മാനം നല്‍കുമെന്ന് പ്രഖ്യാപനം. ജനറല്‍ ഖാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങിനിടെയാണ് യുഎസിനും ഡോണള്‍ഡ് ട്രംപിനും എതിരെ രോഷം അണപൊട്ടിയൊഴുകിയത്.
സംസ്‌കാരച്ചടങ്ങിനിടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനിടെ പശ്ചാത്തല വിവരണം നടത്തിയ ഇറാന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ട്രംപിനെ വധിക്കുന്നവര്‍ക്ക് പാരിതോഷം വാഗ്ദാനം ചെയ്തതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുലൈമാനിയുടെ സംസ്‌കാര ദൃശ്യങ്ങള്‍ ദേശീയ ടിവി ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യവേയായിരുന്നു നാടകീയ രംഗങ്ങള്‍.
80 ദശലക്ഷം ജനമാണ് ഇറാനില്‍ ഉള്ളത്. ഒരോ ഇറാനിയും ഓരോ ഡോളര്‍ വീതം നല്‍കുകയാണെങ്കില്‍ അത് 80 ദശലക്ഷം ഡോളര്‍ ഉണ്ടാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട, മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും ഇറാനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളര്‍ നല്‍കാം. ഈ വാക്കുകള്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ തുടര്‍ സംപ്രേക്ഷണം നിര്‍ത്തിവച്ചു. അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണ് സംപ്രേക്ഷണം നിര്‍ത്തി വച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രഖ്യാപനം ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയോടു കൂടിയല്ലെന്നു പിന്നാലെ വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.
ഇറാന്‍ പരമാധികാരി ആയത്തുല്ല അലി ഖമനയിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഖാസിം സുലൈമാനിയുടെ മരണത്തില്‍ വൈകാരികമായാണ് ഇറാന്‍ പ്രതികരിച്ചത്. ഖാസിം സുലൈമാനിയുടെ ഭൗതിക ശരീരത്തിന് മുന്നില്‍ കണ്ണുനീരടക്കാനാകാതെ ഇറാന്‍ പരമാധികാരി നില്‍ക്കുന്ന ചിത്രം രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തു വിട്ടു. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സുലൈമാനി അടക്കമുള്ളവരുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ഥനയ്ക്കിടെയാണു ഖമനയി നിയന്ത്രിക്കാനാകാത്ത വിധം വിങ്ങിപ്പൊട്ടിയത്. ഇതെല്ലാം അമേരിക്കക്കെതിരായ വികാരമായാണ് പ്രതിഫലിക്കുന്നത്.
https://www.facebook.com/Malayalivartha


























