ഒരാളെയും വെറുതെ വിടാതെ എല്ലാവരോടും ചിരിച്ചു കാര്യം പറഞ്ഞു നടന്ന നീ, ഒരു മുഴം കയറില്‍ തൂങ്ങിയാടുന്നത് ഓര്‍ക്കാന്‍ വയ്യ; കണ്ണ് നനയിപ്പിക്കുന്ന കുറിപ്പുമായി കലാ ഷിബു

ഓരോ അധ്യാപകർക്കും അവരുടെ മുന്നിലിരിക്കുന്ന കുട്ടികളെ വേണ്ടും പോലെ പരിപാലിക്കാൻ കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണ്. ഓരോ വിദ്യാർത്ഥികൾക്കും ഓരോ ജീവിത അവസ്ഥകളാണ് ഉള്ളത്. അവരുടെ ജീവിതത്തിൽ നീറി പുകയുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ അവ ഓരോന്നും അവരുടെ ഉള്ളിൽ നിന്നും ആരാഞ്ഞറിയുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാൽ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ജീവിതത്തിൽ നേരിടുന്ന പ്രശ്ങ്ങനളെ വേണ്ടുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ അറിയാതെ കുട്ടികൾ ചിലപ്പോൾ അബദ്ധങ്ങൾ ചെയ്യാറുണ്ട്. കൗണ്‍സലര്‍ കലാ ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ചിന്തനീയമാകുന്നു. ചിരിച്ചു കളിച്ചു നടന്ന് ഏവരുടെയും പ്രിയപ്പെട്ടവനും അച്ചടമുള്ളവനുമായ ഒരു വിദ്യാര്‍ഥിയുടെ ആത്മഹത്യ ഞെട്ടിച്ചുവെന്ന് കൗണ്‍സലര്‍ കലാ ഷിബു പറയുന്നു . ആ കുട്ടി ആത്മഹത്യ ചെയ്തു എന്നറിയാതെ കോളജിലിരുന്ന് സത്സ്വഭാവിയായ ആ കുട്ടിയെക്കുറിച്ച് ഓര്‍ത്തതും, ഒരാഴ്ച മുന്‍പ് ആത്മഹത്യ ചെയ്തത് താന്‍ കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പ് ഓര്‍ത്ത ആ വിദ്യാര്‍ഥിയായിരുന്നെന്നു തിരിച്ചറിഞ്ഞതിനെക്കുറിച്ചും കല ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്നു. കണ്ണ് നിറഞ്ഞ് പോകുന്ന കുറിപ്പ്.
പോസ്റ്റ് വായിക്കാം
'അവധി കഴിഞ്ഞു ഇന്നാണ് ഞാന്‍ കോളേജില്‍ എത്തിയത്. വന്നതും കഴിഞ്ഞ ആഴ്ച ഒരു കുട്ടി മരിച്ചു, ആത്മഹത്യ എന്ന് കേട്ടു.
ഞാന്‍ എന്റെ ക്യാബിനില്‍ കേറി. കൗണ്‍സലിങ് അധ്യാപിക ആയതു കൊണ്ട് എനിക്ക് സ്റ്റാഫ് റൂം അല്ല. കൗണ്‍സലിങ് സെല്‍ പ്രത്യേകം ക്യാബിനില്‍ ആണ്. ഏത് കുട്ടി എന്ന് തത്കാലം അറിയേണ്ട എന്ന് ഞാന്‍ കരുതി..
മാധവന്‍, എന്റെ പ്രിയപ്പെട്ട കുട്ടി ആണ്. പ്ലേബാക് സിങ്ങറാണ്. ക്രിസ്മസ് കഴിഞ്ഞ് അവനെ കണ്ടില്ല. ഞാന്‍ മുറിയില്‍ എത്തിയ ശേഷം, അവന്‍ വന്നു കുറെ വിശേഷം പങ്കുവച്ചു, പോയി.
അവനോടും ആരാണ് മരിച്ചത് എന്ന് ചോദിച്ചില്ല. മാധവന്‍ പോയി കഴിഞ്ഞു ഞാന്‍ വെറുതെ കുട്ടികളുടെ രീതികളെ കുറിച്ച് ആലോചിച്ചു.
പിള്ളേരില്‍ കുരുത്തം കെട്ടവരാണ് എന്റെ അടുത്ത് അധികവും എത്താറ്. അവരുടെ പ്രശ്നങ്ങള്‍ക്കു കൂട്ട് നിന്നാലും പിരിഞ്ഞു പോകുമ്ബോള്‍ എല്ലാ കുട്ടികളും ഒരേ പോലെ സ്നേഹം കാണിക്കാറില്ല. അവരുടെ കാര്യം കഴിഞ്ഞല്ലോ എന്ന രീതി. എന്നാല്‍ ചിലരുണ്ട്. അമ്മ തന്നെ ആയിപ്പോകും അവര്‍ക്ക് മുന്നില്‍.
പെട്ടന്നു മറ്റൊരു പയ്യനെ ഓര്‍ത്തു. അച്ചടക്കം ഉള്ള കുട്ടികളുടെ ഇടയില്‍ പെടുന്നവന്‍. അതുകൊണ്ടുതന്നെ കൗണ്‍സലിങ് റൂമില്‍ എത്തേണ്ട കാര്യമില്ല. എങ്കിലും അവന്‍ വരും. ചുമ്മാ ഒരു ഹായ് മാം പറയാന്‍.
ലൈബ്രറിയില്‍ ഇരിക്കുമ്ബോള്‍ വന്നു സൈക്കോളജി എന്താണ്, എനിക്കു കുറെ സംശയം ഉണ്ടെന്നൊക്കെ പറയും. ചിലപ്പോള്‍ ഓടി വന്ന് ഏതെങ്കിലും ടീവി പരിപാടിയില്‍ എന്നെ കണ്ടു, എഫ്ബി പോസ്റ്റ് വായിച്ചു എന്നൊക്കെ പറയും. കണ്ടെങ്കില്‍ മിണ്ടാതെ പോകാന്‍ പറ്റില്ല. എന്തോ അവനെ ഞാന്‍ ഓര്‍ത്തു.
ഉച്ചയ്ക്ക് ക്യാന്റീനില്‍ ഇരിക്കുമ്ബോള്‍, എന്തായാലും ആരാ മരിച്ചത് എന്ന് ചോദിച്ചു. എനിക്കു പിന്നെ മുഴുവന്‍ ചോറ് തിന്നാല്‍ പറ്റിയിട്ടില്ല. അതവന്‍ ആയിരുന്നു അമല്‍…
ഞാന്‍ എന്തിനാണ് ഇന്നവനെ കാരണമില്ലാതെ ഓര്‍ത്തത് !
ലൈബ്രറിയില്‍ സ്റ്റാഫ് ദിവ്യ അവന്റെ അമ്ബൂരിയില്‍ ഉള്ള വീട്ടില്‍ പോയ കാര്യം പറഞ്ഞു. അവിടെ നിറച്ചും അവന്റെ മെഡലുകളും ട്രോഫിയും. കണ്ടു നില്‍ക്കാന്‍ വയ്യായിരുന്നു മാഡം.. ദിവ്യ സങ്കടത്തോടെ പറഞ്ഞു. അമ്മയുടെ നിലവിളിയും..
സാധാരണ പിള്ളേരു വന്നു ബുക്ക് എടുത്തു പോകും, ഇവന്‍ നിന്നു സംസാരിച്ചു വിശേഷങ്ങള്‍ പറയും. അധികം കുട്ടികളുമായി കളിതമാശയ്‌ക്കു നില്‍ക്കാത്ത അധ്യാപകര്‍ക്കു പോലും അവനുമായി അടുപ്പം ഉണ്ടായിരുന്നു.. ആരോടും മിണ്ടാതെ ഇരുന്നിട്ടില്ല ഈ കാലമത്രയും അവന്‍.
ചിരിയില്ലാതെ കണ്ടിട്ടില്ല…
അവനോടു മിണ്ടാതെ കടന്നു പോകാനും സമ്മതിക്കില്ല…
എന്തിനായിരുന്നു?
ഉത്തരം കിട്ടാത്ത ചോദ്യം എല്ലാവരും പരസ്പരം ചോദിക്കുന്നു.
നീ മരിച്ച കാര്യം അറിയാതെ ഞാന്‍ നിന്നെ കുറിച്ചോര്‍ത്തത് എന്തിനാണ്?
ഒരാളെയും വെറുതെ വിടാതെ എല്ലാവരോടും ചിരിച്ചു കാര്യം പറഞ്ഞു നടന്ന നീ, ഒരു മുഴം കയറില്‍ തൂങ്ങിയാടുന്നത് ഓര്‍ക്കാന്‍ വയ്യ.
അതിനു മാത്രം എന്ത് പ്രശ്നം ഉണ്ടായിരുന്നു നിനക്ക്..
നിന്നെ ഒന്നറിയാന്‍ ആരുമില്ലായിരുന്നോ?
മനസ്സുകളെ പഠിക്കാന്‍ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്.'
https://www.facebook.com/Malayalivartha


























