30-ല്‍ അധികം സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത് ബിസിനസ് സ്ഥാപിച്ചു; മോഷ്ടാക്കള്‍ കുടുങ്ങി

ആലപ്പുഴയ്ക്കടുത്ത് കൈതവന കുന്തികുളങ്ങര ക്ഷേത്രത്തിനു സമീപത്തെ മാല പൊട്ടിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്തു 30-ല്‍ അധികം സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ച 2 പേര്‍ അറസ്റ്റില്‍. വണ്ടാനം കാട്ടുംപുറം വെളിയില്‍ ഫിറോസ് ബീരാന്‍ (കോയാമോന്‍-34), കരുനാഗപ്പള്ളി മൈനാഗപ്പള്ളി തുണ്ടുവിള കിഴക്കേയില്‍ ഷിഹാദ് ബഷീര്‍കുട്ടി (ഷിഹാബ്-30) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മൊബൈല്‍ ഫോണ്‍ വിവരങ്ങളും പ്രതികളെ പിടികൂടാന്‍ സഹായകമായി. മാല നഷ്ടപ്പെട്ടവരുടെ മൊഴി പ്രകാരം തടിച്ച ശരീരപ്രകൃതിയുള്ള, ബൈക്ക് ഉപയോഗിക്കുന്ന യുവാക്കളെ ചുറ്റിപ്പറ്റിയായിരുന്നു ആലപ്പുഴ സൗത്ത്, നോര്‍ത്ത്, പുന്നപ്ര, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, ചേര്‍ത്തല, കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ അന്വേഷണം നടത്തിയത്.
ഓപ്പറേഷന്‍ 916 എന്ന പേരിലായിരുന്നു അന്വേഷണം. 2016-നു ശേഷം പ്രത്യേക ബ്രാന്‍ഡ് ബൈക്ക് റജിസ്റ്റര്‍ ചെയ്തവരുടെ വിവരം പരിശോധിച്ചു. സംശയം തോന്നിയവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും ശേഖരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. മുപ്പത്തഞ്ചോളം പവന്‍ സ്വര്‍ണം കണ്ടെടുത്തതായി ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി പറഞ്ഞു.
കൂടുതല്‍ മോഷണവും നടന്നത്് വെള്ളി, ശനി ദിവസങ്ങളിലായിരുന്നു. ബൈക്കില്‍ ചുറ്റി നടന്നു പൊട്ടിച്ചെടുക്കുന്ന സ്വര്‍ണമാലകള്‍ വിറ്റുകിട്ടുന്ന പണം 'അനാവശ്യമായി' ചെലവിടാതെ ബിസിനസ് നടത്തി സമൂഹത്തില്‍ മാന്യരായി ജീവിക്കുകയായിരുന്നു ഇരുവരും. ചേര്‍ത്തല എസ്എന്‍ കോളജിനു സമീപത്തും പുന്നപ്ര കുറവന്‍തോടിലും ബേക്കറിയും ഐസ്‌ക്രീം പാര്‍ലറും നടത്തുകയായിരുന്നു ഒന്നാം പ്രതി കോയാമോന്‍ (ഫിറോസ്). കരുനാഗപ്പള്ളി ടൗണില്‍ മെന്‍സ്വെയര്‍ എന്ന സ്ഥാപനം കോയാമോന്റെയും ഷിഹാദിന്റെയും പങ്കാളിത്തത്തില്‍ നടത്തി. തര്‍ക്കത്തെ തുടര്‍ന്ന് ഷിഹാബ് പങ്കാളിത്തം വിട്ട് സ്വന്തം ബിസിനസ് തുടങ്ങി. പങ്കു കച്ചവടം പിരിഞ്ഞതോടെ കോയാമോന്‍ മാല പൊട്ടിക്കല്‍ പരിപാടിയിലും ഒറ്റയ്ക്കായി.
ഷോപ്പ് ഉടമയായതിനാല്‍ പൊലീസ് സംശയിക്കില്ലെന്നു കരുതിയ പ്രതികള്‍ മാല പൊട്ടിച്ച ശേഷം ചേര്‍ത്തലയിലെ സ്വന്തം ഷോപ്പിലേക്കാണ് എത്തിയിരുന്നത്. സ്വര്‍ണം അന്നു തന്നെ മുല്ലയ്ക്കലും അമ്പലപ്പുഴയിലുമുള്ള മഹാരാഷ്ട്ര സ്വദേശികളായ സ്വര്‍ണ വ്യാപാരികള്‍ മുഖേന വില്‍ക്കും. 2 തവണ കരുനാഗപ്പള്ളിയിലെ ജ്വല്ലറിയിലും വിറ്റു.
വിദേശത്ത് 4 വര്‍ഷം ഡ്രൈവറായി ജോലി ചെയ്തപ്പോഴാണ് ഇരുവരും സൗഹൃദത്തിലായത്. ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയപ്പോള്‍ വ്യാപാരം തുടങ്ങാന്‍ പണം കണ്ടെത്താനാണ് ഇരുവരും ഒരുമിച്ചു മാലപൊട്ടിക്കല്‍ തുടങ്ങിയത്.
ആലപ്പുഴയില്‍ ജില്ലാ പൊലീസ് മേധാവിയായി ഒരു വര്‍ഷം തികയുന്ന ദിവസം തന്നെ മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു കെ.എം.ടോമി. 19 ദിവസം കൂടിയേ ഇനി സര്‍വീസുള്ളൂ. ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ 25 കൊലപാതകങ്ങള്‍ ഉണ്ടായി. എല്ലാ കേസുകളിലും പ്രതികളെ പിടികൂടാന്‍ സാധിച്ചു. ടീം വര്‍ക്കാണ് അതിനു സഹായകമായത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം മൂത്ത ജ്യേഷ്ഠനോടെന്ന പോലെ സ്‌നേഹത്തോടെ പെരുമാറി. സംസ്ഥാനത്ത് നിലവിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരില്‍ പ്രായത്തിലും മുന്നിലാണ് 60 പിന്നിട്ട കെ.എം.ടോമി. ജനുവരി 31-നു വിരമിക്കും.
https://www.facebook.com/Malayalivartha


























