ഗുരുവായൂരില്‍ പോകുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക്... കുട്ടികൾക്ക് 18 ദിവസത്തെ വിലക്കുമായി ഗുരുവായൂർ!! കാരണം ഇതാണ്

ഗുരുവായൂരില്‍ പോകുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക് , കുട്ടികള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച് പുതിയ അറിയിപ്പ്. ക്ഷേത്രത്തില്‍ സഹസ്രകലശം, ഉത്സവം എന്നിവ നടക്കുന്ന 18 ദിവസം അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെ നാലമ്ബലത്തിലേക്ക് പ്രവേശിപ്പിക്കില്ല. ഫെബ്രൂവരി 27 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം. കുട്ടികളുടെ ചോറൂണ്, തുലാഭാരം എന്നിവ പതിവുപോലെ നടക്കും. സഹസ്രകലശചടങ്ങുകള്‍ 27ന് തുടങ്ങും. മാര്‍ച്ച് അഞ്ചിനാണ് സഹസ്രകലശാഭിഷേകം. ആറിന് ഉത്സവം കൊടിയേറും. 15ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
അതേസമയം ബിംബശുദ്ധി ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്നും നാളെയും ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ രണ്ടര മണിക്കൂർ ദർശന നിയന്ത്രണം ഏർപ്പെടുത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. വ്യാഴാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി ഒമ്പതുവരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. വെള്ളിയാഴ്ച രാവിലെ ശീവേലിക്ക് ശേഷം ഒമ്പതരവരെയും ശ്രീഭൂതബലിയുള്ളതിനാൽ രാത്രി ഏഴിനു ശേഷം ശ്രീഭൂതബലിയും അത്താഴപൂജയും കഴിഞ്ഞ് നടതുറക്കുന്നതുവരെയും പ്രവേശനം അനുവദിക്കില്ല. രാത്രിയിലെ ശ്രീഭൂതബലി കഴിഞ്ഞ് എട്ടരയ്ക്ക് നട തുറക്കുന്നതുവരെയാണ് നിയന്ത്രണം. പുറമെ നിന്ന് ദർശനം നടത്താം.
ഗുരുവായൂര്‍ ഭക്തരുടെ ശ്രദ്ധയ്ക്ക്.. അറിയിപ്പുകൾ ഇങ്ങനെ....
ഭക്തിയോടും ശുദ്ധിയോടും കൂടി ക്ഷേത്രത്തില്‍ പ്രവേശിക്കുക. ക്ഷേത്രനിയമങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളും പാലിക്കുക. ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള രുദ്രതീര്‍ഥത്തില്‍ കുളിച്ച്, ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം വഴി പ്രവേശിക്കുക. ഷര്‍ട്ട്, ബനിയന്‍, പാന്റ്, പൈജാമ, ലുങ്കി, കള്ളിമുണ്ട്, ചെരുപ്പ് എന്നിവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിക്കാം.
ക്യാമറ, വീഡിയോ ക്യാമറ, റേഡിയോ, ടേപ്പ് റിക്കാര്‍ഡര്‍, മൊബൈല്‍ ഫോണ്‍ (സ്വിച്ച് ഓഫ് ചെയ്താല്‍ പോലും)അമ്പലത്തിനകത്ത് കൊണ്ടുവരരുത്. വിവാഹം കഴിഞ്ഞയുടനെ ദമ്പതികള്‍ നാലമ്പലത്തില്‍ പ്രവേശിക്കാന്‍ പാടില്ല. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. കൊച്ചുകുട്ടികളെ നാലമ്പലത്തിനകത്ത് ഏറെനേരം നിര്‍ത്തരുത്. കുട്ടികള്‍ മൂത്രമൊഴിക്കുകയോ മറ്റോ ചെയ്ത് അശുദ്ധമാക്കിയാല്‍ പുണ്യാഹത്തിനുള്ള ചെലവ് രക്ഷിതാക്കള്‍ വഹിക്കേണ്ടിവരും. പാവങ്ങള്‍ക്ക് അന്നദാനത്തിനുള്ള ശീട്ടുകള്‍ വഴിപാടു കൗണ്ടറിനു മുന്നില്‍ വെച്ചിട്ടുള്ള ഭണ്ഡാരത്തില്‍ നിക്ഷേപിക്കാം. അന്നദാനത്തിനുള്ള തുക കൗണ്ടറില്‍ അടയ്ക്കുകയോ അതിനായി വെച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കുകയോ ചെയ്യാം.
സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടുമുള്ള ആള്‍രൂപങ്ങളും അംഗരൂപങ്ങളും കിഴക്കേ നടപുരയിലുള്ള കാവല്‍ക്കാരനോട് ചോദിച്ചാല്‍ ലഭിക്കും. അവ സമര്‍പ്പിച്ച് തൊഴുത് നിങ്ങള്‍ ഉദ്ദേശിക്കുന്ന തുക ഭണ്ഡാരത്തില്‍ നിക്ഷേപിക്കാം. വഴിപാടു ചെയ്യാനുള്ള ആഭരണങ്ങളും വിലകൂടിയ സാധനങ്ങളും ഭണ്ഡാരത്തില്‍ നിക്ഷേപിക്കുക. ക്ഷേത്രത്തിനകത്ത് സ്വാധീനമുപയോഗിച്ച് അപ്രദക്ഷിണമായി വടക്കേനടയിലൂടെയുളള ദര്‍ശനം അഭികാമ്യമല്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.കാലത്ത് 7 മണി മുതല്‍ 8 മണിവരെയും വൈകീട്ട് 4.30 മുതല്‍ 6മണിവരെയുമാണിത്. ക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകള്‍ക്കനുസരിച്ച് ഇതിന് മാറ്റമുണ്ടായിരിക്കും.
നടതുറക്കുമ്പോള്‍
അതിരാവിലെ മൂന്നു മണിക്കാണ് നടതുറക്കല്‍. നിര്‍മാല്യം ദര്‍ശനവും വാകച്ചാര്‍ത്തും പുണ്യമാണ്. രാത്രി 9.15 ന് നട അടയ്ക്കും. സാധാരണയായി അഞ്ച് പൂജകളും മൂന്നു ശീവേലിയും. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളില്‍ 21 പൂജയുണ്ടാവും. നടഅടയ്ക്കാന്‍ പത്തുമണിയാവും.
ഒരര്‍ഥത്തില്‍ ഗുരുവയൂരില്‍ എന്നും ഉത്സവമാണ്. മനസിന് ആനന്ദമരുളുന്നതാണ് ഉത്സവം. ബിംബചൈതന്യത്തെ വീണ്ടെടുത്ത് തേജസ്സുളവാക്കാനാണ് ഉത്സവങ്ങള്‍ നടത്തുന്നത്. അത് തട്ടകത്തിലെ ജനങ്ങള്‍ക്ക് ഒത്തുചേരാനുള്ള വേദി കൂടിയാണ്. ഗുരുവായൂരിലെ പ്രധാന ഉത്സവത്തിന് കുംഭത്തിലെ പൂയം നാളിലാണ് കൊടിയേറ്റം. പത്തുനാള്‍ നീണ്ടുനില്‍ക്കുന്നതാണ് ഉത്സവം. ഗുരുവായൂരപ്പന്‍ പുറത്തിറങ്ങി ഗ്രാമപ്രദക്ഷിണം നടത്തുന്നതിനാല്‍ ഗ്രാമം മൊത്തമായി ഒരുങ്ങുന്ന വേളയാണത്. കൊടിയേറ്റനാള്‍ മുന്നുമണിക്ക് കിഴക്കേനടയിലുള്ള മഞ്ജുളാല്‍ പരിസരത്തു നിന്ന് ക്ഷേത്രത്തിലേക്ക് ആനകളെ മത്സരിച്ചോടിപ്പിക്കും. ആദ്യം ക്ഷേത്രത്തില്‍ പ്രവേശിച്ച് മൂന്നു തവണ പ്രദക്ഷിണം വെച്ച് കൊടിമരം ആദ്യമായി തൊടുന്ന ആനയാണ് വിജയി. ഈ ആനയായിരിക്കും ഉത്സവകാലത്ത് തിടമ്പേറ്റുന്നത്. പണ്ട് ഗുരുവായൂര്‍ ഉത്സവത്തിന് തൃക്കണാമതിലകത്തു നിന്നായിരുന്നു ആനകളെ അയച്ചിരുന്നത്. എന്നാല്‍ കൊച്ചി രാജാവും സാമൂതിരിയും നീരസത്തിലായപ്പോള്‍ ആ കൊല്ലം ഉത്സവത്തിന് ആനകളെ അയച്ചില്ല. എന്നാല്‍ പന്തീരടിയോടടുത്ത് സമയത്ത് തൃക്കണാമതിലകത്തെ ആനകളെല്ലാം ഗുരുവായൂരിലേക്ക് ഓടിപോന്നു. ഈ സ്മരണ നിലനിര്‍ത്താനാണ് ഇന്നും ഗുരുവായൂരില്‍ ഈ ചടങ്ങ് നടത്തുന്നത് എന്നാണ് ഐതിഹ്യം.
ഉത്സവകാലത്ത് നടത്താറുള്ള ഉത്സവബലിയില്‍ സപ്തമാതൃക്കള്‍ക്ക് ബലി തൂവുന്ന സമയത്തെ ഭഗവല്‍ദര്‍ശനം പുണ്യപ്രദമാണെന്നു വിശ്വസിക്കപ്പെടുന്നു. ഒമ്പതാം ദിവസം ദീപാരാധനയ്ക്കു ശേഷം ഭഗവാന്‍ ക്ഷേത്രത്തിനുള്ളില്‍ നിന്നും പുറത്തേക്കെഴുന്നള്ളി ഗ്രാമബലി ഘോഷയാത്ര നടത്തുന്നു.ഇത് തിരിച്ചെത്തുമ്പോള്‍ പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പന്നിവേഷമണിഞ്ഞ് ഇതിന് തയ്യാറെടുക്കുന്നു. ആയുരാരോഗ്യങ്ങള്‍ക്ക് ഈ വഴിപാട് ഉത്തമമാണെന്നാണ് വിശ്വാസം.പിറ്റേദിവസമാണ് ആറാട്ട്. ഉത്സവചടങ്ങുകളുടെ സമാപനം. ആറരമണിയോടെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിക്കും. പഞ്ചവാദ്യവും പാണ്ടിമേളവും അകമ്പടിയായുണ്ടാവും. രുദ്രതീര്‍ഥത്തില്‍ ഭഗവാന്‍ ആറാടുമ്പോള്‍ ഒപ്പം കുളിക്കാന്‍ ഭക്തജനതിരക്കാണ്.അകത്തേക്ക് വിഗ്രഹം എഴുന്നള്ളിക്കുന്നതിനു മുമ്പ് നെറ്റപ്പട്ടം കെട്ടാതെ ആനപ്പുറത്ത് ഭഗവാന്‍ 11 ഓട്ടപ്രദക്ഷിണം വെക്കുന്നു, ഭഗവാന്റെ പിന്നാലെ ഓടുന്നത് രോഗശാന്തിയേകുമെന്നും വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ ഭക്തജനങ്ങളെ ഏറെ ആകര്‍ഷിക്കുന്ന ചടങ്ങാണിത്.
https://www.facebook.com/Malayalivartha


























