പഴയ തുണി ചോദിച്ചെത്തിയവര്‍ക്ക് നല്‍കിയ തുണിക്കിടയില്‍ 9000 രൂപ കൂടി പെട്ടുപോയി... പോലീസില്‍ പരാതി നല്‍കി കാത്തിരുന്നു, ഒടുവില്‍...

കേരളത്തില്‍ നിന്ന് വസ്ത്രങ്ങള്‍ ശേഖരിച്ച് മഹാരാഷ്ട്രയിലെ വയലുകളില്‍ പണിയെടുക്കുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാനായി യത്‌നിക്കുന്ന ഒരു സംഘം സ്ത്രീകള്‍ നായരങ്ങാടി സ്വദേശി തൃക്കാശേരി വേലായുധന്റെ ഭാര്യ കല്യാണി (72)-യുടെ വീട്ടിലുമെത്തി. അവര്‍ സന്തോഷത്തോടെ മടക്കി സൂക്ഷിച്ചിരുന്ന പഴയ വസ്ത്രങ്ങള്‍ എടുത്തു നല്‍കി. എന്നാല്‍ കൊടുത്ത തുണികള്‍ക്കിടയില്‍ ഒരു 9000 രൂപ വച്ചിരുന്ന കാര്യം, വസ്ത്രം ശേഖരിക്കാനെത്തിയവര്‍ മടങ്ങിയ ശേഷം മാത്രമാണ് അവര്‍ക്കോര്‍മ്മ വന്നത്.
അത് തിരിച്ചറിഞ്ഞയുടനെ ഓടിച്ചെന്നന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനാകാതെ വന്നതോടെ പണം നഷ്ടപ്പെട്ടതു കാണിച്ചു പൊലീസില്‍ പരാതിപ്പെട്ടു. ഹിന്ദി സംസാരിക്കുന്നവരെന്നു മാത്രമാണ് അടയാളം പറയാനുണ്ടായിരുന്നത്.
മഹാരാഷ്ട്ര സാങ്ക്ലിന്‍ ഗ്രാമത്തില്‍ നിന്നെത്തിയ സീത, ചന്ദ്രഭാഗ എന്നിവര്‍ക്കാണു പണം ലഭിച്ചത്. ലഭിച്ച തുണികള്‍ തരം തിരിക്കുന്നതിനിടെ പണം കണ്ട ഇവര്‍ ഇതുമായി കല്യാണിയുടെ വീട്ടിലെത്തി.
പൊലീസില്‍ പരാതിപ്പെട്ടതറിഞ്ഞ് ഇവര്‍ കല്യാണിയെയും കൂട്ടി സ്റ്റേഷനിലെത്തി എസ്‌ഐ ബി.കെ. അരുണിന്റെ സാന്നിധ്യത്തില്‍ തുക കൈമാറുകയും ചെയ്തു. ഗ്രാമങ്ങളില്‍ വയലുകളില്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകര്‍ക്ക് ഇവര്‍ നല്‍കുക സത്യത്തിന്റെ മണമുള്ള വസ്ത്രങ്ങളാകും. ഇനിയും ഈ വഴി പോകുകയാണെങ്കില്‍ വീട്ടിലെത്തണമെന്നു പറഞ്ഞാണ് കല്യാണി ഇവരെ യാത്രയാക്കിയത്.
https://www.facebook.com/Malayalivartha


























