കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ; കൊറോണ സ്ഥിരീകരിച്ചത് കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്ക്; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ രോഗബാധ സ്ഥിരീകരിച്ചിരുന്നത് തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക്

കേരളത്തിൽ മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് മാധ്യമങ്ങളെ അറിയിച്ചത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കൂടുതല്‍ വൈറസ് ബാധ കേസുകള്‍ ഇനിയും വരാന്‍ സാധ്യതയുണ്ട്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലങ്ങള്‍ കാത്തിരിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു. രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്നലെ 103 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലൊരാളുടെ ഫലം പോസിറ്റീവാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കൊറോണ വൈറസ് ബാധയാണ് ഇത്. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 206 പേർ കൂടി നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ 2000 ത്തോളം പേരായി. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറത്താണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്, 307 പേർ. കോഴിക്കോട് 284 ഉം എറണാകുളത്ത് 251 പേരും നിരീക്ഷണത്തിലാണ്. 28 ദിവസം നിരീക്ഷണം തുടരും. തൃശൂരിന് പിന്നാലെ ആലപ്പുഴയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ ശക്തമാക്കി.
ആലപ്പുഴയിൽ മെഡിക്കൽ കോളേജും, ജനറൽ ആശുപത്രികളും കൂടാതെ ആവശ്യമെങ്കിൽ സ്വകാര്യആശുപത്രികളിലും ഐസലേഷൻ വാർഡുകൾ ഒരുക്കും. ജില്ലയിലാകെ 124പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. സാമ്പിൾ പരിശോധനകൾ, ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താൻ കേന്ദ്രം അനുമതി നൽകിയതായി മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
തൃശൂരിന് പിന്നാലെ ആലപ്പുഴയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചത് അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. വൈറസ് സ്ഥിരീകരണം വന്നതിനു പിന്നാലെ, ആലപ്പുഴ കളക്ടറേറ്റിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. നേരത്തെ ഉണ്ടായിരുന്ന രണ്ടുപേരെ കൂടാതെ, മറ്റ് രണ്ടുപേർകൂടി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പ്രത്യേകവാര്‍ഡുകള്‍ തുടങ്ങിക്കഴിഞ്ഞു. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യം ഏർപ്പെടുത്തും.
ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായും, അതിനാൽ പരിശോധനഫലത്തിനായി ഇനി കാത്തിരിക്കേണ്ടി വരില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊറോണ സർവൈലൻസ് കമ്മിറ്റി രൂപികരിച്ചു. 14 അംഗ കമ്മിറ്റിയിൽ എഡിഎം ഒഴികെയുള്ളവർ ആരോഗ്യ വകുപ്പ് ജീവനക്കാരാണ്.
https://www.facebook.com/Malayalivartha


























