വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം കോടതി ക്രൈംബ്രാഞ്ചിന് മടക്കിനല്‍കി

വ്യാജ വിലാസത്തില്‍ വാഹനം രജിസ്‌ട്രേഷന്‍ നടത്തിയെന്ന കേസില്‍ സുരേഷ് ഗോപി എം.പിക്കെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നല്‍കിയത്. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ നല്‍കാനും നിര്‍ദേശിച്ചു. സുരേഷ് ഗോപിക്ക് പുതുച്ചേരി രജിസ്‌ട്രേഷനില്‍ രണ്ട് ഓഡി കാറുകളാണ് ഉണ്ടായിരുന്നത്. ഈ രണ്ടു വാഹനങ്ങളും പോണ്ടിച്ചേരി ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ വാടകക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വ്യാജ രേഖ ചമയ്ക്കല്‍, തെളിവു നശിപ്പിക്കല്‍, മോട്ടോര്‍ വാഹന നിയമത്തിലെ മറ്റു വകുപ്പുകളുമാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വ്യാജ രജിസ്‌ട്രേഷന്‍ വഴി സര്‍ക്കാരിന് 19,60,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍. ഈ കേസില്‍ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. സുരേഷ് ഗോപിയെ കൂടാതെ ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവരും വ്യാജ രജിസ്‌ട്രേഷനില്‍ അന്വേഷണം നേരിട്ടിരുന്നു. എന്നാല്‍ ഫഹദ് ഫാസില്‍ പിഴയടച്ച് കേസില്‍ നിന്നും ഒഴിവായി. അമലപോളിന്റെ വാഹനം കേരളത്തില്‍ ഉപയോഗിക്കുന്നില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha


























