സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച.... സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല, സര്‍ക്കാരിന്റെ വരുമാനവര്‍ധനയ്ക്കായി ഭൂമിയുടെ ന്യായവില കൂട്ടുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാവും

സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല. വിരമിക്കല്‍ ദിവസം മാര്‍ച്ച് 31 ആയി ഏകീകരിക്കാനും ഇതുവരെ ആലോചനയില്ല. സര്‍ക്കാരിന്റെ വരുമാനവര്‍ധനയ്ക്കായി ഭൂമിയുടെ ന്യായവില കൂട്ടുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാവും. വെള്ളിയാഴ്ചയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് നീട്ടിവെക്കാന്‍ ഇത്തവണ ബജറ്റില്‍ പെന്‍ഷന്‍പ്രായം കൂട്ടുമെന്ന വ്യാപകമായ പ്രചാരണം ചില കേന്ദ്രങ്ങളില്‍നിന്നുണ്ട്.
ഇപ്പോള്‍ 56 ആണ് വിരമിക്കല്‍ പ്രായം. ഇത് 58 ആക്കണമെന്നാണ് ഭരണ-പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍, ഇതുവരെ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. ബജറ്റ് തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തിലാണ്. അതിനാല്‍ ഇത്തരമൊരു നിര്‍ണായക നയംമാറ്റത്തിന് ഇനി സാധ്യത കുറവാണ്. പെന്‍ഷന്‍പ്രായം കൂട്ടേണ്ടതില്ലെന്ന എല്‍.ഡി.എഫിന്റെ നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണു തീരുമാനം. ശമ്പളപരിഷ്‌കരണം വരുന്ന സാമ്പത്തിക വര്‍ഷംതന്നെ നടപ്പാക്കുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ടാവും. ശമ്പളക്കമ്മിഷന്റെ പ്രവര്‍ത്തനം അതിവേഗം മുന്നോട്ടുപോകുകയാണ്. ആറുമാസമാണ് ഇപ്പോള്‍ കമ്മിഷന്റെ കാലാവധി. ഇത് നീട്ടുമെങ്കിലും ജൂണില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണു കരുതുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശികയാണ്. ഈ ഗഡുക്കള്‍ മാര്‍ച്ചിനുമുമ്പ് വിതരണംചെയ്യാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
https://www.facebook.com/Malayalivartha


























