അമ്പരപ്പോടെ ബിജെപി ക്യാമ്പ്... ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി ക്യാമ്പിനെ ആശങ്കയിലാക്കി ടൈംസ് നൗ സര്‍വേ; ഡല്‍ഹിയില്‍ കെജ്രിവാളിന്റെ ആം ആദ്മി തൂത്തുവാരുമെന്ന് റിപ്പോര്‍ട്ട്; 54 മുതല്‍ 60 സീറ്റ് വരെ; ബിജെപിക്ക് നേടുന്നതാകട്ടെ 10 മുതല്‍ 14 സീറ്റ് വരെ മാത്രം

പൗരത്വ നിയമ ഭേദഗതിയ്ക്ക് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപി തറപറ്റുമെന്ന് സര്‍വേഫലം. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 54 മുതല്‍ 60 സീറ്റ് വരെ നേടുമെന്ന് ടൈംസ് നൗ സര്‍വേ ഫലം. ബിജെപിക്ക് 10 മുതല്‍ 14 സീറ്റ് വരെ ആകും നേടാന്‍ ആവുകയെന്നും ടൈംസ് നൗ അഭിപ്രായ സര്‍വേയില്‍ പ്രവചിക്കുന്നു. ആകെ 70 സീറ്റുകള്‍ ആണുള്ളത്. കോണ്‍ഗ്രസിന് പരമാവധി രണ്ട് സീറ്റുകള്‍ മാത്രമാണ് സര്‍വേ പ്രവചിക്കുന്നത്. ടൈംസ് നൗവിന് വേണ്ടി ഇപ്‌സോസ് ആണ് സര്‍വേ നടത്തിയത്.
അതേസമയം ഇപ്പോള്‍ ഡല്‍ഹിയിലെ ലോക്‌സഭ സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ ആകെയുള്ള ഏഴ് സീറ്റുകളും ബിജെപി നേടുമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും ബിജെപി ഡല്‍ഹി തൂത്തുവാരിയിരുന്നു. ജനുവരി 27നും ഫെബ്രുവരി ഒന്നിനുമിടയിലാണ് സര്‍വേ നടത്തിയത്.
എഎപിക്ക് 52 ശതമാനം വോട്ടും ബിജെപിക്ക് 34 ശതമാനം വോട്ടും സര്‍വേ പ്രവചിക്കുന്നു. 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്ന് എഎപിക്ക് 2.5 ശതമാനം വോട്ടും ബിജെപിക്ക് 1.7 ശതമാനം വോട്ടും കുറയും. ലോക്‌സഭ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ ബിജെപി 46 ശതമാനം വോട്ടും എഎപി 38 ശതമാനം വോട്ടും നേടും. പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാര്‍ ചെയ്തത് ശരിയാണ് എന്ന് ടൈംസ് നൗ സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും കരുതുന്നു. ഷഹീന്‍ബാഗ് സമരം തെറ്റാണെന്ന് 52 ശതമാനം പേര്‍ക്ക് അഭിപ്പായമുണ്ട്. 25 ശതമാനം പേര്‍ പ്രക്ഷോഭം ശരിയാണ് എന്ന് പറയുന്നു. 7321 സാംപിളുകളാണ് ഇപ്‌സോസ് എടുത്തത്.
അതേസമയം അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിക്കുകയാണ് ബിജെപി. അരവിന്ദ് കെജ്രിവാള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ കോളനികളുടെ വികസനത്തിന് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗിലും ജാമിയ നഗറിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ യദൃശ്ചികമല്ല. അതൊരു പദ്ധതിയുടെ ഭാഗമാണ്. അക്രമത്തെ അപലപിച്ച കോടതിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ അവര്‍ തയ്യാറല്ല. എന്നിട്ട് അവര്‍ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നു. സമരക്കാര്‍ മൂലം നോയ്ഡയ്ക്കും ഡല്‍ഹിക്കും ഇടയിലുള്ള യാത്രിക്കാര്‍ കഷ്ടപ്പെടുകയാണ്. ഡല്‍ഹിയെ അരാജകത്വത്തിന്റെ ഇടമാക്കാനാവില്ല, മോദി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മൂലം ഡല്‍ഹിയിലെ അനധികൃത കോളനികള്‍ക്കുമേല്‍ ബുള്‍ഡോസറുകളുടെ ഭീഷണി ഇല്ലാതായി. ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ കോളനികളുടെ വികസനത്തിന് നടപടികള്‍ സ്വീകരിക്കും. ബിജെപി ഇപ്പോള്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഡല്‍ഹിയുടെ മാറ്റങ്ങള്‍ക്കായി ബിജെപിക്ക് വോട്ടു ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്ക് മികച്ച വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും മോദി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ പാവപ്പെട്ടവര്‍ക്കായി നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പാവപ്പെട്ടവര്‍ക്കായി രണ്ടു കോടി വീടുകള്‍ സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ നിര്‍മിച്ചുനല്‍കി. വൈകാതെ രണ്ടു കോടി വീടുകള്‍ക്കൂടി നിര്‍മിച്ചു നല്‍കും. എന്നാല്‍ ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്തുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും മോദി ആരോപിച്ചു.
https://www.facebook.com/Malayalivartha


























