കന്യാകാത്വം നഷ്ടമായിട്ടും പെണ്‍കുട്ടി മിണ്ടിയില്ല; ബലാത്സംഗത്തിന് ഇരയായ നിയമവിദ്യാര്‍ത്ഥിനിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദത്തിൽ

ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദിന് ബലാത്സംഗ കേസില്‍ ജാമ്യം അനുവദിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ബലാത്സംഗത്തിന് ഇരയായ നിയമവിദ്യാര്‍ത്ഥിനിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് ഹൈക്കോടതി ജഡ്ജി പരാമര്‍ശം നടത്തിയത്. കന്യകാത്വം നഷ്ടമായിട്ടും പെണ്‍കുട്ടി മാതാപിതാക്കളോടോ മറ്റോ ഇക്കാര്യം പറയാത്തത് ആശ്ചര്യകരമാണെന്നും പകരം ചിന്മയാനന്ദിനെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമിച്ച് എന്നും ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള യുപിയിലെ ഷാജഹാന്‍പൂരിലുള്ള കോളേജിലെ വിദ്യാര്‍ത്ഥിയാണ് ബലാത്സംഗക്കെസിലെ പരാതിക്കാരി. പെണ്‍കുട്ടിയുടെ സ്വഭാവം വിചിത്രമാണ് എന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.
ഇത്തരമൊരു കുറ്റകൃത്യം നടന്നതിന് തെളിവില്ലെന്ന് പറഞ്ഞ ജഡ്ജി, ചിന്മയാനന്ദിന്റെ ആത്മീയ സ്വാഭാവത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഗുണമുണ്ടാക്കിയതായും പറയുന്നു. ചിന്മയാനന്ദിനെ ബ്ലാക്ക് മെയില്‍ ചെയ്ത് കൂടുതല്‍ പണമുണ്ടാക്കാനാണ് ഇവര്‍ ശ്രമിച്ചത് എന്നും ജഡ്ജി പറഞ്ഞു. ചിന്മയാനന്ദിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായി പരാതിക്കാരി തന്നെയാണ് അശ്ലീല വീഡിയോ പകര്‍ത്തിയത് എന്നും കോടതി പറയുന്നു.
രക്ഷിതാക്കളോട് കാര്യം പറയാതെ സ്‌പൈ കാമറ വച്ച് നഗ്നചിത്രങ്ങളെടുക്കുകയും വീഡിയോ ഷൂട്ട് ചെയ്യുകയുമാണ് ചെയ്തത്. ഇതുപയോഗിച്ച് ചിന്മയാനന്ദിനോട് പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്തു. ഒമ്ബത് - 10 മാസത്തോളം ഇക്കാര്യം ആരോടും പറഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി. പരാതിക്കാരിക്ക് പിതാവുമായുള്ള ബന്ധത്തിന്റെ സ്വഭാവവും കോടതി ചോദ്യം ചെയ്തു. അച്ഛനും മകളും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്നാണ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. ഇത് വിചിത്രമാണ്. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇതാണ് വ്യക്തമാക്കുന്നത്.
പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയും അവരുടെ കൂടെയുള്ളവരും തന്നെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നാണ് ചിന്മയാനന്ദിന്റെ ആരോപണം. ചിന്മയാനന്ദിനെതിരായ ബലാത്സംഗ കേസിലും ചിന്മയാനന്ദ് നല്‍കിയ ബ്ലാക്ക്‌മെയിലിംഗ് കേസിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ നേരത്തെ ജയിലിലാക്കിയിരുന്നു. ഒരു കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. എന്നാല്‍ മറ്റ് അഞ്ച് കേസുകളില്‍ കുറ്റപത്രമുണ്ട്.
ഏറെ വിവാദമായ കേസില്‍ സെപ്റ്റംബര്‍ 20നാണ് ചിന്മയാനന്ദ് അറസ്റ്റിലാകുന്നത്. ഷാജഹാന്‍പുരില്‍ സ്വാമി ചിന്മായന്ദിന്‍റെ ആശ്രമമാണ് എസ്എസ് കോളേജ് നടത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. നേരത്തെ തന്‍റെ പ്രായാധിക്യം പരിഗണിച്ച് തനിക്ക് പരോള്‍ അനുവദിക്കണമെന്ന് ചിന്മയാനന്ദ് ആവശ്യപ്പെട്ടിരുന്നു. ചിന്മായനന്ദ് തന്നെ പീഡിപ്പിച്ചെന്ന് ആഗസ്റ്റ് 23ന് പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ചിന്മായനന്ദില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കാണാതായി. ആഗസ്റ്റ് 30നാണ് പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയത്.
തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന ചിന്മയാനന്ദിന്‍റെ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിരുന്നു. തന്നെ ഭീഷണിപ്പെടുത്തി അഞ്ച് കോടി പെണ്‍കുട്ടിയും സുഹൃത്തും ആവശ്യപ്പെട്ടെന്നാണ് ചിന്മയാനന്ദ് പരാതിപ്പെട്ടത്. പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബിജെപി ചിന്മയാനന്ദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
https://www.facebook.com/Malayalivartha


























