സെൻ കുമാറിന്റേത് വ്യാജ പരാതി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ നല്‍കിയ കേസിലെ നടപടികള്‍ പൊലീസ് അവസാനിപ്പിച്ചു; സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ടി.പി സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദിനെ വിളിച്ചുവരുത്തുകയും ക്ഷോഭിക്കുകയും ചെയ്യുന്നത് തെളിഞ്ഞു

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ നല്‍കിയ കേസിലെ നടപടികള്‍ പൊലീസ് അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച 16 പേജുള്ള റിപ്പോര്‍ട്ട് വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
സെന്‍കുമാറിന്റെ പരാതിയിലെ ആരോപണങ്ങള്‍ വ്യാജമാണെന്നും, ഗൂഢാലോചന, കൈയ്യേറ്റം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ തെറ്റാണെന്നും ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ കന്റോണ്‍മെന്റ് സി ഐ അനില്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ടി.പി സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദിനെ വിളിച്ചുവരുത്തുകയും ക്ഷോഭിക്കുകയും ചെയ്യുന്നത് തെളിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരി 16ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ വാര്‍ത്തസമ്മേളനത്തിനിടെയായിരുന്നു സംഭവം. തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു സെന്‍കുമാറിന്റെ പരാതി. പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് കോഓഡിനേറ്റിങ് എഡിറ്റര്‍ പി.ജി. സുരേഷ്കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെ കന്റോണ്മെന്റ് പൊലീസാണ് കേസെടുത്തത്.
വാര്‍ത്താസമ്മേളനത്തിനിടെ കടവില്‍ റഷീദിനെ സെന്‍കുമാര്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ മദ്യപിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് അബദ്ധമായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് റഷീദ് ചോദിച്ചതാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്. സെന്‍കുമാറിനൊപ്പമുണ്ടായിരുന്നവര്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാനും പുറത്താക്കാനും ശ്രമിച്ചു. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് റഷീദിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞത്.
കടവില്‍ റഷീദ് പരാതി നല്‍കിയ ശേഷം നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിര്‍ദ്ദേശ പ്രകാരം സെന്‍കുമാറിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. പിന്നാലെ എതിര്‍പരാതിയുമായി സെന്‍കുമാറും രംഗത്തെത്തുകയായിരുന്നു. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവര്‍ത്തകയൂണിയന്റെ വാട്‌സ് അപ് ഗ്രൂപ്പില്‍ പി ജി സുരേഷ് കുമാര്‍ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെന്‍കുമാറിന്റെ വ്യാജ പരാതി.
https://www.facebook.com/Malayalivartha


























