‘കൊറോണ ഒന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ലാട്ടോ, കാശ് മാഡം തന്നെ വച്ചോളൂ’ ; കൊറോണപ്പേടിയിൽ ഓട്ടോ ഡ്രൈവർ ഡോക്ടറോട് പറഞ്ഞത് ഇങ്ങനെ

രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെൺകുട്ടിയെ ചികിത്സിച്ചിരുന്ന തൃശൂർ ജനറൽ ആശുപത്രിയിൽ ഓട്ടോയിൽ വന്നിറങ്ങിയ ഡോക്ടർ പണം നീട്ടിയപ്പോൾ ഡ്രൈവറുടെ മറുപടി ഇങ്ങനെ: കൊറോണ ഒന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ലാട്ടോ, കാശ് മാഡം തന്നെ വച്ചോളൂ’ . ജനറൽ ആശുപത്രിയിലെ ഡോക്ടർ സ്മിത മേനോനാണ് ഈ അനുഭവം ഫെയ്സ്ബുക്കിൽ കുറിച്ചത്. പണം വാങ്ങാതെ ഡ്രൈവർ സ്ഥലം വിടുകയും ചെയ്തു.
അതേസമയം, ഐസലേഷൻ വാർഡിൽ പാർപ്പിച്ചിരുന്ന രോഗിക്ക് കൊറോണ സ്ഥിരീകരിച്ചെന്നു കരുതി ജനറൽ ആശുപത്രിയേയോ ജീവനക്കാരെയോ മാറ്റിനിർത്തേണ്ടെന്നു ഡോക്ടർമാർ വ്യക്തമാക്കി.കൊറോണ സ്ഥിരീകരിച്ച റിപ്പോർട്ട് വന്ന ദിവസവും പിറ്റേന്നും ഇവിടെ രോഗികളുടെ വരവ് കുറഞ്ഞിരുന്നു. എന്നാൽ പിന്നീട് സാധാരണ നിലയിലായി. കൂടുതൽ ഐസലേഷൻ വാർഡുകൾ ഉള്ള മെഡിക്കൽ കോളജിലും രോഗികളുടെ എണ്ണം ഇപ്പോൾ സാധാരണ നിലയിലായിട്ടുണ്ട്.
കൊറോണ ഭീതിയിൽ സംസ്ഥാനം നിൽക്കുമ്പോഴും കൃത്യമായ മുന്നൊരുക്കങ്ങളും അപ്ഡേഷനുകളുമായി ആരോഗ്യവകുപ്പ് സുസജ്ജമാണ്. സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവല്‍ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കിയിട്ടുണ്ട്.. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2321 പേര്‍ വീടുകളിലും, 100 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംശയാസ്പദമായ 190 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 118 എണ്ണം ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം നല്‍കി കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 14 ജില്ലകളിലും ജാഗ്രതാസമിതിയെ നിയോഗിച്ചു. ചൈനയില്‍ നിന്ന് വന്ന 79പേര്‍ക്ക് കൂടി രോഗം ഉണ്ടായേക്കാമെന്നും ചൈനയില്‍ നിന്നു വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നതു കുറ്റകൃത്യമായി കണക്കാക്കുമെന്നുംആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇനി സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിച്ചു.
കൊറോണ വൈറസ് ബാധ പടരുന്നത് കര്‍ശനമായി തടയാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികള്‍ ഉണ്ടാക്കി. നിരീക്ഷണത്തിലുള്ളവര്‍ക്ക് കൗണ്‍സിലിംഗിന് പ്രത്യേക കൗണ്‍സിലിംഗ് സംഘത്തെ ഏര്‍പ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
28 ദിവസം നിരീക്ഷണമെന്ന് തീരുമാനിച്ചത് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ്. കൃത്യം 28 ദിവസം തന്നെ ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിച്ച് കഴിയണം. 14 ദിവസം മതിയെന്ന് ആരും കരുതരുതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























