ലംബോര്‍ഗിനി അടക്കമുള്ള സൂപ്പര്‍ കാറുകള്‍ കണ്മുന്നില് ഘോഷയാത്ര നടത്തിയതു കണ്ടു വണ്ടറടിച്ചു കോട്ടയം... ചുറ്റും നടത്തം, തൊട്ടുനോക്കല്‍, വീഡിയോ, സെല്‍ഫി.. ഏറ്റെടുത്ത് സോഷ്യൽമീഡിയ...

കഴിഞ്ഞ ദിവസമായിരുന്നു കോട്ടയത്തെ ഞെട്ടിച്ച സംഭവം നടന്നത്. പടത്തിലും സിനിമയിലും കണ്ടിട്ടുള്ള അഞ്ചു കോടിയുടെ ലംബോര്‍ഗിനി അടക്കമുള്ള സൂപ്പര്‍ കാറുകള്‍ കണ്മുന്നില് ഘോഷയാത്ര നടത്തിയതു കണ്ടു വണ്ടറടിച്ചുപോയി കഴിഞ്ഞ ദിവസം കോട്ടയംകാര്. കേരളത്തില്‍ ആദ്യം ലംബോര്‍ഗിനി ഹുറാകാന് വാങ്ങിയത് പൃഥ്വിരാജ് ആണ്. പിന്നീട് ലംബോര്‍ഗിനി സ്വന്തമാക്കിയ നിരയില്‍ ഒരു കോട്ടയംകാരനുമുണ്ടെങ്കിലും ഇത്രയധികം കാര്‍ രാജാക്കന്മാരെ ഒന്നിച്ചു കാണാനുള്ള ഭാഗ്യം കോട്ടയംകാര്‍ക്കു അധികം കിട്ടിയിട്ടില്ല. ലംബോര്‍ഗിനി ഹുറാകാന് മാത്രമല്ല... തെരുവുകളുടെ രാജാക്കന്മാരായ ലംബോര്‍ഗിനി അവെന്റഡോര്‍, ഫെരാരി, പോര്‍ഷെ 911, ഫോര്‍ഡ് മസ്റ്റാംഗ് ജിടി, നിസാന്‍ ജിടിആര്‍, ബെന്‍സ് തുടങ്ങിയ സൂപ്പര്‍ കാറുകളാണ് കാണികള്‍ക്കു വിരുന്നും വിസ്മയവുമായി മാറിയത്. തെള്ളകത്ത് ആദാമിന്റെ ചായക്കട എന്ന റസ്റ്ററന്റിന്റെ പ്രമോഷന് പ്രോഗ്രാമിനോടനുബന്ധിച്ചാണ് സൂപ്പര്‍ കാര്‍ 2020 എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആഡംബര കാറുകള്‍ റാലി നടത്തിയത്. കൊച്ചിയില്‍നിന്നു തെള്ളകത്തേക്ക് മൂളിപ്പറന്ന് എത്തിയ ആഡംബര റാലി പിന്നീട് സിഎംഎസ് കോളജ് റോഡിലെ മറ്റൊരു റസ്റ്ററന്റിനു മുന്നില്‍ നിരന്നതോടെയാണ് കോട്ടയം ഇളകിയത്. തിരക്കേറിയ റോഡ് നിമിഷങ്ങള്‍ക്കകം ജനസമുദ്രമായി. റോഡിലെ ആഗോള രാജാക്കന്മാര് 31 എണ്ണം നിരന്നു കിടക്കുന്നതു കണ്ടപ്പോള്‍ വാഹനങ്ങളില്‍ പോയ പലരും ചാടിയിറങ്ങി. ഫാമിലിയായി നഗരത്തിലെത്തിയവരും ഒാടിയെത്തി. പിന്നെ കാറിനു ചുറ്റും നടത്തം, തൊട്ടുനോക്കല്‍, വീഡിയോ, സെല്‍ഫി...ചിലര്‍ കാറിലെത്തിയവരോടു കാറിന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഉള്ളിലേക്ക് ഊളിയിട്ടു നോക്കി. ആളും ബഹളവും കൂടിയതോടെ ഗതാഗതം തടസപ്പെടാതിരിക്കാന്‍ പോലീസും രംഗത്തിറങ്ങി. തിരക്കിനിടയിലൂടെ മൂളിപ്പറക്കുന്ന ലംബോര്‍ഗിനിയും പോര്ഷെയുമൊക്കെ കണ്ടു സ്ത്രീകളടക്കമുള്ള കാണികള്‍ ത്രില്ലടിച്ചു. ഇതില്‍ ഹരംകൊണ്ടു നില്‍ക്കുന്നതിനിടയിലാണ് കാണികളെ വിസ്മയിപ്പിച്ചു ഹമ്മറിന്റെ രംഗപ്രവേശം. ഒരു മണിക്കൂറോളം കഴിഞ്ഞു രാജാക്കന്മാര് ഒരോരുത്തരായി മൂളിപ്പറന്ന് അകന്നതോടെയാണ് കാറുകളുടെ വിശേഷങ്ങള്‍ പങ്കുവച്ചു കാണികളും പിരിഞ്ഞത്.
https://www.facebook.com/Malayalivartha


























