കൊച്ചി കനാലിൽ ബക്കറ്റിൽ ഒഴുകി നടന്നത് ഇരുപത് ആഴ്ചയില്‍ താഴെ മാത്രം പ്രായമുള്ള മൃതദേഹം... നിയമാനുസൃത ഗര്ഭച്ഛിദ്രമെങ്കിലും പൊക്കിള്‍കൊടി പോലും നീക്കം ചെയ്യാത്ത മൃതദേഹം പുഴയിലൊഴുക്കിയതിന് പിന്നിലെ കാരണം കണ്ടെത്താനുറച്ച് അന്വേഷണ സംഘം...

കഴിഞ്ഞ ദിവസമാണ് സംഭവം. ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം പേരണ്ടൂര്‍ കനാലില്‍ ബക്കറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. നിയമാനുസൃത ഗര്ഭച്ഛിദ്രമെന്നാണു പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നല്കിയ വിവരങ്ങളെന്ന് പോലീസ് പറഞ്ഞു. ഇരുപത് ആഴ്ചയില്‍ താഴെമാത്രം പ്രായമുള്ള മൃതദേഹമാണ് ബക്കറ്റില്‍ കണ്ടെത്തിയത്. മറവ് ചെയ്യേണ്ട മൃതദേഹം കനാലില്‍ ഒഴുക്കിയത് ആരാണെന്നും ഇതിന് പിന്നിലെ കാരണം എന്താണെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ, ആറുമാസം വളര്‍ച്ചയെത്തുന്നതിന് മുന്‍പ് പ്രസവിച്ച കുട്ടികളുടെ വിശദാംശങ്ങളും, ഇത്തരത്തില്‍ കുഞ്ഞുങ്ങളെ കൈമാറിയിട്ടുള്ള മാതാപിതാക്കളുടെ വിവരങ്ങളും നല്കണമെന്നുകാട്ടി ആശുപത്രികള്‍ക്ക് നല്കിയ നോട്ടീസിന് മറുപടി ലഭിച്ചു തുടങ്ങിയതായി പോലീസ് പറഞ്ഞു. നിലവില്‍ ഒരു ആശുപത്രിയില്‍നിന്ന് മാത്രമാണ് മറുപടി ലഭിച്ചത്. ഇത് പരിശോധിച്ച് വരുന്ന അധികൃതര്‍ ഇന്ന് കൂടുതല്‍ ആശുപത്രികളില്‍ നിന്നും മറുപടികള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ആശുപത്രികളിലെ വിവരങ്ങള്‍ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ അടുത്ത ഘട്ടത്തില്‍ കൊച്ചിയിലെ ക്ലിനിക്കുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം ഉൗര്‍ജിതമാക്കിയതോടെ സംഭവത്തിനു പിന്നിലുള്ളവരെ ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് എറണാകുളം പുതുക്കലവട്ടത്ത് പേരണ്ടൂര്‍ കനാലില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി നീക്കം ചെയ്യാത്ത നിലയിലായിരുന്നു മൃതദേഹം. ആശുപത്രി അധികൃതര്‍ കുഞ്ഞിനെ പുറത്തെടുത്ത ദിവസം അടയാളപ്പെടുത്തിക്കൊണ്ടുള്ള സ്ലിപ്പും ബക്കറ്റിലുണ്ടായിരുന്നു. 2020 ജനുവരി 30 എന്ന തീയതിയാണ് സ്ലിപ്പിലുണ്ടായിരുന്നത്. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ആദ്യം മൃതദേഹം കണ്ടത്. മുതിര്‍ന്ന ആളുകളെത്തി നോക്കിയപ്പോഴാണ് ഗര്‍ഭസ്ഥ ശിശുവാണെന്ന് മനസിലായത്. ഇതോടെ നാട്ടുകാര്‍ പോലിസിനെ വിവരം അറിയിക്കുകയും പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























