ഇബ്രാഹിംകുഞ്ഞിന് ടിക്കറ്റാവുമ്പോൾ ചെന്നിത്തലക്ക് പോയത് കസ്തൂരിമാമ്പഴം; ആരിഫ് മുഹമ്മദ് ഖാനെ വേട്ടയാടാൻ പോയ ചെന്നിത്തലക്കും സഹപ്രവർത്തകർക്കും കിട്ടിയ ഒന്നാന്തരം അടിയായി മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതി

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന് പൂജപുരയിലേക്ക് ചുവന്ന പരവതാനി വിരിക്കുമ്പോൾ രമേശ് ചെന്നിത്തലക്ക് നഷ്ടമായത് കസ്തൂരി മാമ്പഴം! ഇനി ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ചെന്നിത്തല നെഞ്ചിൽ കൈവച്ച് ആവശ്യപ്പെടുമോ? ആരിഫ് മുഹമ്മദ് ഖാനെ വേട്ടയാടാൻ പോയ ചെന്നിത്തലക്കും സഹപ്രവർത്തകർക്കും കിട്ടിയ ഒന്നാന്തരം അടിയാണ് മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതി.
മുഖ്യമന്ത്രിയാകാൻ കോട്ടും തുന്നിയിരിക്കുന്ന ചെന്നിത്തലക്ക് എല്ലാ പിന്തുണയും നൽകിയിരുന്നത് പി.കെ. കുഞ്ഞാലികുട്ടിയും മുസ്ലീം ലീഗുമാണ്. ഗവർണറെ തൊട്ടു കളിക്കുമ്പോഴെല്ലാം ഒടിക്കരുതേ എന്ന് കുഞ്ഞാലികുട്ടി ആവർത്തിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ ഫയലാണ് കുഞാപ്പയെ ബുദ്ധിമുട്ടിച്ചത്. എന്നാൽ അറിഞ്ഞോ അറിയാതെയോ ചെന്നിത്തലക്ക് ഗവർണറെ ഒടിക്കേണ്ടി വന്നു. അതിന്റെ ഫലം ഇതാ ഇബ്രാഹിംകുഞ്ഞ് അനുഭവിക്കുന്നു.
ഇബ്രാഹിംകുഞ്ഞിന് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത് എം കെ മുനീറിന്റെ കൂടെ ആവശ്യമായിരുന്നു. ഇബ്രാഹിംകുഞ്ഞ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്. ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടത്ത് കെട്ടിയാൽ കുഞ്ഞാലിക്കുട്ടി കുരുങ്ങുമെന്ന് മുനീറിനറിയാം. മുനീറും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ജല്ലിക്കെട്ടിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പാലാരിവട്ടം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമതടസമില്ലെന്ന് ഗവർണർ വ്യക്തമാക്കി. രാഷ്ട്രീയ സംഭവവികാസങ്ങൾ കൃത്യമായി മനസിലാക്കിയ ശേഷമാണ് ഗവർണർ ഇത്തരത്തിൽ ഒരു ഉത്തരവ് എഴുതിയത്. ലീഗ് തനിക്കെതിരെ തുടരുന്ന സന്ധിയില്ലാത്ത നിലപാടിന്റെ ആഴം ഗവർണർ ശരിക്കും മനസിലാക്കി. മുമ്പ് ഇടത് സർക്കാരിന്റെ പേരിൽ ബ്രുവറി ആരോപണം ഉയർന്നപ്പോൾ ഇതേ രാജ് ഭവൻ അന്വേഷണം പോലും വേണ്ടെന്ന് നിലപാട് എടുത്തിരുന്നു.
3 മാസത്തെ കാലാവധിക്ക് ശേഷമാണ് രാജ്ഭവൻ പാലാരിവട്ടം ഫയൽ മടക്കി കൊടുത്തത്. ഫയൽ കിട്ടാതായപ്പോൾ വിജീലൻസ് സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സർക്കാർ രാജ്ഭവന് കത്തെഴുതി. അതിന് പിന്നാലെയാണ് ഫയൽ മടക്കി നൽകിയത്. കുഞ്ഞിനെതിരായ തെളിവുകൾ ഗവർണർ വിജിലൻസിൽ നിന്നും വിളിച്ചുവരുത്തിയിരുന്നു. ബന്ധപ്പെട്ട രേഖകളെല്ലാം വിജിലൻസ് രാജ്ഭവന് കൈമാറിയിരുന്നു ടി.ഒ സൂരജിന്റെ മൊഴികളും കൈമാറിയിരുന്നു ഇതെല്ലാം ഗവർണർ വിശദമായി പരിശോധിച്ചു എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
ഇബ്രാഹിംകുഞ്ഞിന് പ്രോസിക്യൂഷൻ അനുമതി നൽകില്ലെന്നാണ് ലീഗ് നേതാക്കൾ ഒടുവിൽ വരെ വിശ്വസിച്ചത്. പൗരത്വനിയമമാണ് കുഞ്ഞിന്റെ ഭാവി തകർത്തതെന്ന് പറയാം. കരാറിൽ ഇല്ലാത്ത വ്യവസ്ഥ പ്രകാരം മൊബിലൈസേഷൻ അഡ്വാൻസ് നിർമ്മാണ കമ്പനിക്ക് നൽകിയതാണ് അദ്ദേഹത്തിന് കുരുക്കായി തീർന്നത്.മന്ത്രിയുടെ അനുമതിയോടെയാണ് താൻ തുക നൽകിയ തെന്ന് ടി.ഒ. സൂരജ് പറഞ്ഞപ്പോൾ തന്നെ ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകിയിരുന്നു ടി.ഒ. സൂരജിനെ മുൻമന്ത്രി തള്ളി പറഞ്ഞതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.
കള്ളപണം വെളുപ്പിച്ചെന്ന പരാതിയും ഇബ്രാഹിം കുഞ്ഞിനെതിരെ നിലനിൽക്കുന്നുണ്ട്. നോട്ട് നിരോധിച്ച കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ അദ്ദേഹം 10 കോടി വെളിപ്പിച്ചെന്നാണ് കേസ്. ഇത് പാലാരിവട്ടം കേസുമായി ചേർത്ത് അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. പാലം അഴിമതിയിൽ കിട്ടിയ പണമാണ് വെളുപ്പിച്ചതെന്നാണ് ആരോപണം. തന്റെ ഉറ്റമിത്രത്തെ അകത്താക്കിയ ചെന്നിത്തലക്ക് കുഞ്ഞാപ്പ ഒരു സമ്മാനം കരുതിയിട്ടുണ്ട്. കാണാൻ പോകുന്ന പൂരം കണ്ടു തന്നെ തീർക്കണം.
https://www.facebook.com/Malayalivartha


























