ഇതെപ്പോ ചോര്‍ത്തി.... പി.എസ്.സി. കഴിഞ്ഞ ശനിയാഴ്ച നടത്തിയ പ്രഥമ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ പാകിസ്ഥാനില്‍ നിന്നും ചോര്‍ത്തിയെന്ന പി ടി തോമസിന്റെ പ്രസ്താവന പുലിവാലാകുന്നു; പാകിസ്ഥാന്‍ സി.എസ്.എസ്. പരീക്ഷയിലെ പകര്‍ത്തിയ ചോദ്യങ്ങള്‍ പുറത്ത് വിട്ടതോടെ പരീക്ഷയെഴുതിയവര്‍ ആശങ്കയില്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അഥവാ കെ.എ.എസ്. മോഹവുമായി പി.എസ്.സി. പരീക്ഷ എഴുതിയവര്‍ ഒന്നും രണ്ടുമല്ല മൂന്നര ലക്ഷമാണ്. എന്നാല്‍ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോള്‍ പലര്‍ക്കും അത് നടക്കാത്ത മോഹമായി. ഇപ്പോള്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയെ പോലും ഞെട്ടിപ്പിച്ച പ്രസ്താവനയാണ് വന്നിരിക്കുന്നത്. പി.എസ്.സി. കഴിഞ്ഞ ശനിയാഴ്ച നടത്തിയ പ്രഥമ കെഎഎസ് പരീക്ഷാ ചോദ്യപേപ്പറില്‍ ചോദ്യങ്ങള്‍ കോപ്പിയടിച്ചെന്ന് പി ടി തോമസ് എംഎല്‍എ പറഞ്ഞു. പാകിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ അതേ കെഎഎസിന് വേണ്ടി ചോര്‍ത്തിയെന്നാണ് എംഎല്‍എയുടെ ആരോപണം. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചെറിയ വീഡിയോയിലൂടെയാണ് പിടി തോമസ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
കൊള്ളാം, സാധാരണ ലോകത്തിന്റെ പല ഭാഗത്തു നിന്നും പലതും ചോര്‍ത്തുകയാണ് പാകിസ്ഥാന്റെ പരിപാടി. ഇപ്പോഴിതാ അവരെപ്പോലും ഞെട്ടിപ്പിച്ച് കേരളം ചോദ്യങ്ങള്‍ ചോര്‍ത്തിയെന്ന്. തെളിവ് സഹിതമാണ് പി.ടി. തോമസ് രംഗത്തെത്തിയത്.
കെഎഎസ് പരീക്ഷയിലെ പൊതു ഭരണ വിഭാഗത്തിലെ ചോദ്യങ്ങളാണ് ആരോപണത്തിന് അടിസ്ഥാനം. ഇവ 2001 ല്‍ നടന്ന പാകിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലെ പൊതുഭരണ വിഭാഗം ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയാതെണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാക് സിവില്‍ സര്‍വീസ് പരീക്ഷയിലെ 63, 64, 67, 69, 70 എന്നീ ചോദ്യങ്ങളാണ് കെഎഎസില്‍ ആവര്‍ത്തിച്ചത്. ഈ നടപടി തികഞ്ഞ മോഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കേരള പബ്ലിക് സര്‍വീസ് കമീഷന്‍ ആദ്യമായി നടത്തിയ ഏറ്റവും വിപുലമായ പരീക്ഷയായിരുന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള പ്രാഥമികപരീക്ഷ. യുപിഎസ്.സി. മാതൃകയില്‍ നടത്തിയ പരീക്ഷ എറെ നിലവാരം പുലര്‍ത്തുന്നതായിരുന്നെന്ന് സര്‍ക്കാര്‍ തന്നെ അവകാശപ്പെടുന്നതിനിടെയാണ് പിടി തോമസിന്റെ ആരോപണം.
പരീക്ഷയില്‍ പങ്കെടുത്ത മൂന്നര ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അയ്യായിരം പേര്‍ ഫൈനല്‍ പരീക്ഷക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. അതിനിടയ്ക്കാണ് പാകിസ്ഥാന്‍ ചോര്‍ത്തല്‍ വിവാദം.
അതേസമയം ഇത് കഴമ്പില്ലാത്ത ആരോപണമാണെന്നാണ് പി.എസ്.സി. ചെയര്‍മാന്‍ പറയുന്നത്. സാര്‍വദേശീയ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ പല പരീക്ഷകളിലും ചോദിക്കാറുണ്ടെന്നാണ് ചെയര്‍മാന്റെ വാദം.
കെഎഎസ് പരീക്ഷ വിവാദമായ സാഹചര്യത്തില്‍ പിഎസ്‌സിയുടെ നിലപാട് തള്ളി മുന്‍ ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണനും രംഗത്തെത്തി. വിശ്വാസ്യത കാത്തുസൂക്ഷിക്കുക ആണ് പിഎസ്‌സിയുടെ പ്രാഥമിക കടമയെന്നായിരുന്നു കെ എസ് രാധാകൃഷ്ണന്റെ പ്രതികരണം. വിശ്വാസ്യത തകര്‍ന്നാല്‍ ഒന്നാമത്തെ ഉത്തരവാദി ചെയര്‍മാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ന്നു എന്ന് കണ്ടെത്തിയിട്ടും റദ്ദാക്കിയില്ല. ഇത് പിഎസ്‌സി വരുത്തിയ ഗുരുതര വീഴ്ച്ചയാണ്. കെഎഎസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന് കണ്ടെത്തിയാല്‍ പരീക്ഷ റദ്ദാക്കണമെന്നും കെ എസ് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ സിവില്‍ സര്‍വീസ് ചോദ്യം കെഎഎസ് ചോദ്യപ്പേപ്പറില്‍ വന്നത് ഗുരുതര വീഴ്ചയാണ്. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ലോകത്ത് എല്ലായിടത്തും ഒന്നാണെന്ന ചെയര്‍മാന്റെ വാദം ശരിയല്ലെന്നും രണ്ടും രണ്ട് സ്വഭാവമുള്ള രാജ്യങ്ങളാണെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
എന്തായാലും പരീക്ഷയില്‍ പഠിച്ചതിനേക്കാള്‍ വേഗത്തില്‍ പാകിസ്ഥാനിലെ ചോദ്യങ്ങള്‍ തപ്പിയെടുക്കാനാണ് പരീക്ഷ എഴുതിയവര്‍ നോക്കുന്നത്.
"
https://www.facebook.com/Malayalivartha






















