പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..

രാജ്യത്ത് ഏറ്റവും സുരക്ഷാ പ്രാധാന്യം ഉള്ളതാണ് പ്രധാനമന്ത്രിയുടെ ഓഫിസും അദ്ദേഹത്തിന്റെ വസതിയും. അവിടേക്ക് ഒരാൾക്ക് കേറി ചെല്ലുക എന്ന് പറയുന്നത് അസാധ്യമാണ് . അങ്ങനെയുള്ളപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ കയറി ബംഗാള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുങ്ങിയ യുവതി ഡല്‍ഹിയില്‍ അറസ്റ്റില്‍. അകങ്ഷ വിദ്യാര്‍ത്ഥി എന്ന തട്ടിപ്പുകാരിയാണ് ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങിയത്.
കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റായ 'നബാന'യില്‍ നിര്‍ബാധം കയറിയിറങ്ങി മന്ത്രിയെ വരെ പറ്റിച്ച കേസ്, സംസ്ഥാനത്തെ സുരക്ഷാ ഏജന്‍സികളെയാകെ നാണംകെടുത്തിയിരിക്കുകയാണ്.കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് സിനിമകളെ പോലും വെല്ലുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വ്യാജ തിരിച്ചറിയല്‍ രേഖകളും തെറ്റായ വിവരങ്ങളും നല്‍കിയാണ് യുവതി ബംഗാള്‍ പൊതുമരാമത്ത് മന്ത്രി അജയ് പൊദ്ദാറുമായി കൂടിക്കാഴ്ച ഉറപ്പിച്ചത്. സാധാരണക്കാര്‍ക്ക് സ്വപ്നം കാണാന്‍ പോലും പറ്റാത്ത സുരക്ഷാ പരിശോധനകളെല്ലാം നിസ്സാരമായി മറികടന്ന് ഇവര്‍ മന്ത്രിയുടെ ചേമ്പറിലെത്തുകയും ചെയ്തു.
എന്നാല്‍ മന്ത്രിയുമായുള്ള സംഭാഷണത്തിനിടെയാണ് കഥ മാറിയത്. കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ യുവതിയുടെ വാക്കുകളിലെ വൈരുധ്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ മന്ത്രി അജയ് പൊദ്ദാര്‍, ഇവരുടെ ഔദ്യോഗിക പദവിയെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു. മന്ത്രിക്ക് കാര്യം പിടി കിട്ടിയെന്നും കളി പുറത്തായെന്നും മനസ്സിലായതോടെ നിമിഷങ്ങള്‍ക്കകം യുവതി അവിടെനിന്ന് തന്ത്രപൂര്‍വം കടന്നുകളഞ്ഞു.യുവതി മുങ്ങിയതോടെ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഷിബ്പൂര്‍ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു.
സി.സി.ടി.വി. ദൃശ്യങ്ങളും യാത്രാരേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതി കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറി രക്ഷപ്പെട്ടതായി കണ്ടെത്തി.വൈകിക്കാതെ തന്നെ ബംഗാള്‍ പോലീസിലെ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രാത്രിയോടെ ഡല്‍ഹിയിലേക്ക് തിരിച്ചു. വ്യാഴാഴ്ച ഡല്‍ഹിയിലെ വസതിയില്‍ വെച്ച് തട്ടിപ്പുകാരിയെ പോലീസ് വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി യുവതിയെ കൊല്‍ക്കത്തയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഡല്‍ഹി കോടതിയില്‍ ട്രാന്‍സിറ്റ് റിമാന്‍ഡിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ബംഗാള്‍ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























