കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കൈയോടെ പിടികൂടി. തുടർന്ന് ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിൽ കിടത്തി ഏകദേശം 100 മീറ്ററോളം അപകടകരമായ രീതിയിൽ വണ്ടിയോടിച്ച യുവാവും കാമുകിയും പോലീസിന്റെ പിടിയിലായി. ഉത്തർപ്രദേശിലെ മീററ്റിലാണ് സിനിമാ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന ഈ സംഭവം നടന്നത്.
ഭാര്യ സുനിതയുടെ പരാതിയിൽ ഭർത്താവ് മായങ്ക്, ഇയാളുടെ കാമുകി മാഹി എന്നിവരെയാണ് മീററ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ യുവാവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ ദിവസം വൈകിട്ടോടെ മായങ്കും കാമുകി മാഹിയും കാറിലിരുന്ന് മോമോസ് കഴിക്കുന്നത് സുനിതയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സുനിത കാറിന്റെ ജനലുകളിൽ തട്ടി ഭർത്താവിനോട് പുറത്തിറങ്ങി വരാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് പരിഭ്രാന്തനായ മായങ്ക് കാർ ഉള്ളിൽ നിന്നും ലോക്ക് ചെയ്ത് സ്ഥലത്തുനിന്ന് വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
വാഹനം മുന്നോട്ട് എടുക്കുന്നത് തടയാനായി സുനിത കാറിന് മുന്നിൽ നിൽക്കുകയും, എന്നാൽ മായങ്ക് വണ്ടി നിർത്താതെ മുന്നോട്ട് എടുത്തതോടെ സുനിത ബോണറ്റിന് മുകളിലേക്ക് വീഴുകയുമായിരുന്നു. ഇതേ അവസ്ഥയിൽ സുനിതയെയും വലിച്ച് മായങ്ക് 100 മീറ്ററോളം ദൂരം മുന്നോട്ട് പോയി. ഭയന്നുവിറച്ച സുനിത ബോണറ്റിൽ കിടന്ന് ഉറക്കെ നിലവിളിക്കുകയും വഴിയാത്രക്കാരോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടി വാഹനം തടഞ്ഞതുകൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്.
തുടർന്ന് സുനിത പോലീസിൽ പരാതി നൽകുകയായിരുന്നു. വധശ്രമത്തിന് പുറമെ സ്ത്രീധന പീഡനം, അവിഹിത ബന്ധം തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. സുനിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മായങ്കിനെയും മാഹിയെയും അറസ്റ്റ് ചെയ്ത പോലീസ് ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























