താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഒരു പ്രവാസി കുടുംബവും ഇങ്ങനെയുള്ള സാഹചര്യത്തിലൂടെ കടന്നു പോകാതെ ഇരിക്കട്ടെ..സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകൾ കാർത്തിക ശ്രീ എന്നിവരുടെ മൃതദേഹങ്ങളാണ് റിയാദ് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ 'കനിവ്' ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയത്.
ബുറൈദയിൽ ഇലക്ട്രോണിക് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ഗോകുൽ രാജിന്റെ ഭാര്യയും മകളുമാണ് ഇരുവരും.കഴിഞ്ഞ ജൂലൈ 21-നാണ് നാടിനെ നടുക്കിയ ഈ ദുരന്ത സംഭവം നടക്കുന്നത്. മരണപ്പെടുന്നതിന് ഒരാഴ്ച മുൻപാണ് സന്ദർശക വീസയിൽ അമ്മയും മകളും ബുറൈദയിൽ ജോലി ചെയ്യുന്ന ഭർത്താവായ ഗോകുൽ രാജിൻ്റെ അടുത്തേക്ക് എത്തിയത്.സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ, കത്തിച്ചുവെച്ച അഗർബത്തിയിൽ നിന്നുള്ള തീപ്പൊരി കാർപെറ്റിലേക്ക് പടരുകയായിരുന്നു. തുടർന്ന് മുറിയിൽ ആകെ പുക നിറയുകയും, അത് ശ്വസിച്ചതാണ് മരണത്തിന് കാരണമായതെന്നുമാണ് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അപകടസമയത്ത് ഗോകുൽ രാജ് തൊട്ടടുത്ത മുറിയിൽ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു.പുകയുടെ ഗന്ധം വന്ന് ഞെട്ടിയുണർന്നപ്പോഴാണ് ഭാര്യയും മകളും ദുരന്തത്തിൽപ്പെട്ട വിവരം ഇയാൾ അറിയുന്നത്. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും കെട്ടിടംസുരക്ഷാ വലയത്തിലാക്കിയതിനാൽ സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി തുടക്കത്തിൽ പുറംലോകവും അറിഞ്ഞിരുന്നില്ല.പ്രവാസി കുടുംബങ്ങൾ താമസയിടങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്
കനിവ് ജീവകാരുണ്യ വിഭാഗം കൺവീനർ ബി. ഹരിലാൽ അഭ്യർത്ഥിച്ചു. ഉറങ്ങുന്നതിന് മുമ്പ് തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും ഉപകരണങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. കൂടാതെ വീടുകളിൽ സ്മോക്ക് അലാറം, ഫയർ എക്സ്റ്റിംഗുഷർ തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നത് ഇത്തരം വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























