കോതമംഗലം പള്ളിക്കൈമാറ്റം: എറണാകുളം കലക്ടറെ വിളിച്ചു വരുത്തി ഹൈക്കോടതി വിമര്‍ശിച്ചു

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭാ വികാരിക്കു കൈമാറണമെന്ന മുന്‍ ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ കലക്ടറെ ജയിലില്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്ന കോതമംഗലം പള്ളിക്കേസില്‍ എറണാകുളം കലക്ടറെ വിളിച്ചു വരുത്തി ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. വാദത്തിനിടെ, ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ ഉത്തരവ് നടപ്പാക്കാത്തത് സര്‍ക്കാരിനു നാണക്കേടാണെന്നും പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭാ വികാരി തോമസ് പോള്‍ റമ്പാന്‍, 2019 ഡിസംബര്‍ 3-ലെ ഉത്തരവു നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ജസ്റ്റിസ് പി. ബി. സുരേഷ്‌കുമാര്‍ ഉത്തരവിനായി മാറ്റി. ഹാജരാകാന്‍ നേരത്തേ നിര്‍ദേശമുണ്ടായിട്ടും കലക്ടര്‍ വന്നിട്ടില്ലെന്ന് അറിഞ്ഞതോടെ 5 മിനിറ്റിനകം കലക്ടര്‍ എത്തണമെന്നു കോടതി കര്‍ശന നിര്‍ദേശം നല്‍കി. അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ നിര്‍ദേശിക്കുമെന്നും പറഞ്ഞു. തുടര്‍ന്നാണ് കലക്ടര്‍ ഹാജരായത്.
വിശ്വാസികളുടെ ആത്മഹത്യാഭീഷണി ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ നടക്കുകയാണെന്നും പള്ളി ഏറ്റെടുക്കാന്‍ 2 മാസം സാവകാശം വേണമെന്നും കലക്ടര്‍ എസ്. സുഹാസ് വിശദീകരിച്ചു. അത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ കോടതി, പ്രതിഷേധത്തിന്റെയും മറ്റും പേരില്‍ ഉത്തരവ് നടപ്പാക്കാത്തതു കോടതിയെ അപമാനിക്കലാണെന്നു പറഞ്ഞു. കോടതിയുത്തരവ് ഗൗരവത്തിലെടുക്കുന്നില്ല, അവഗണിക്കുകയാണ്. കോടതിയുത്തരവ് നടപ്പായില്ലെങ്കില്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടും. നിയമസംവിധാനം തകരും.
കോടതിക്കു മുന്നില്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത് - പൊലീസ് പരാജയപ്പെട്ടെന്നു പറഞ്ഞ് മറ്റു സേനകളുടെ സേവനം വിനിയോഗിക്കുക, കൂടാതെ, കലക്ടറെ ശിക്ഷിച്ചു ജയിലില്‍ അടയ്ക്കുക. ഉത്തരവു നടപ്പാക്കാന്‍ വിശ്വാസികളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വരുമെന്നു കലക്ടര്‍ പറഞ്ഞു. ചിലരുടെ ശക്തിയാണു നടപ്പാകുന്നതെന്നും ക്രമസമാധാന സംവിധാനം പരാജയപ്പെടുകയാണെന്നും കോടതി പ്രതികരിച്ചു.
ഇതിനിടെ, പള്ളി ഏറ്റെടുത്തു കൈമാറണമെന്ന മുന്‍ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലെ സാങ്കേതിക പിഴവു തിരുത്തി സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അപ്പീല്‍ പരിഗണിക്കുന്നതു 2 ഡിവിഷന്‍ ബെഞ്ചുകള്‍ ഒഴിവാക്കിയതിനെ തുടര്‍ന്നു ജസ്റ്റിസ് എ. എം. ഷഫീഖ്, ജസ്റ്റിസ് മേരി ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതിനിടെ കോതമംഗലം പള്ളിക്കേസില്‍ ഉത്തരവിട്ടാല്‍ തന്നെ പച്ചയ്ക്കു കത്തിക്കുമെന്നുള്ള ഊമക്കത്തു കിട്ടിയതായി ജസ്റ്റിസ് പി. ബി. സുരേഷ്‌കുമാര്‍ കോടതിയില്‍ വെളിപ്പെടുത്തി. കത്ത് ഹൈക്കോടതി റജിസ്ട്രി മുഖേന പൊലീസിനു കൈമാറിയെന്നും അറിയിച്ചു.
അതേസമയം, കോതമംഗലം പള്ളിക്കേസുമായി ബന്ധപ്പെട്ട് വധഭീഷണിയുണ്ടായെന്ന ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം ഗൗരവമായി അന്വേഷിക്കണമെന്നു യാക്കോബായ സഭ. കോടതികളെ പ്രകോപിപ്പിച്ച് യാക്കോബായ സഭയ്ക്ക് എതിരാക്കാനുള്ള എതിരാളികളുടെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നു സഭാ നേതൃത്വം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha






















