ശുദ്ധജല പദ്ധതിയുടെ ടാങ്ക് വീണു മരിച്ച കുട്ടിയുടെ കുടുംബത്തിന് 3.22 ലക്ഷം രൂപ കൂടി അനുവദിച്ചു

2016 ജൂണ്‍ 25-ന് ശുദ്ധജല പദ്ധതിയുടെ ടാങ്ക് വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ പതിച്ചു മരിച്ച കുരുന്നിന്റെ കുടുംബത്തിനു 3.22 ലക്ഷം കൂടി ധനസഹായം അനുവദിക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ആശ്വാസമായി.
കൈതക്കോട് വേലംപൊയ്ക ബിജു ഭവനില്‍ അബി ഗബ്രിയേലിന്റെ(7) മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ ആ കുടുംബത്തിന് ഉണ്ടായ നഷ്ടത്തിനു പകരമാവില്ല മറ്റൊന്നുമെങ്കിലും ധനസഹായം അനുവദിക്കാനുള്ള തീരുമാനം കടബാധ്യതയില്‍ കുടുംബത്തിന് ആശ്വാസമാണ്.
ചികിത്സാ സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചത്. ദുരന്തത്തില്‍ അമ്മ ബീനയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന അബിയും സഹോദരി സ്‌നേഹയും (4) അമ്മയ്‌ക്കൊപ്പം വീടിനുള്ളിലിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണു വേലംപൊയ്ക ശുദ്ധജലപദ്ധതിയുടെ ടാങ്ക് മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ പതിച്ചത്. ഇരുമ്പുചട്ടക്കൂടില്‍ 20 അടിയോളം ഉയരത്തിലായിരുന്ന ടാങ്ക് ജലം നിറഞ്ഞപ്പോള്‍ ഒരു വശത്തേക്കു മറിയുകയായിരുന്നു. കുട്ടികള്‍ക്കും ബീനയ്ക്കും സാരമായി പരുക്കേറ്റു. ആശുപത്രിയില്‍ എത്തിക്കും മുന്‍പു തന്നെ അബി മരിച്ചു. ബീന മാസങ്ങളോളം ആശുപത്രിക്കിടക്കയിലായി.
അന്ന് 5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരുന്നു. 3 ലക്ഷം രൂപ കുടുംബത്തിനും 2 ലക്ഷം രൂപ ബീനയുടെ ചികിത്സയ്ക്കുമായിരുന്നു. ഒരു ലക്ഷം രൂപ ഭൂജല വകുപ്പ് ജീവനക്കാരും സമാഹരിച്ചു നല്‍കി. പക്ഷേ ബീനയുടെ ചികിത്സയ്ക്കു മാത്രം 5.4 ലക്ഷം രൂപ ആയി. 3 ലക്ഷം രൂപ അടച്ചു ബാക്കി തുകയ്ക്കു പഞ്ചായത്ത് അധികൃതര്‍ ഉറപ്പു നല്‍കിയാണ് ആശുപത്രി വിടാനായത്.
കൂലിപ്പണി ചെയ്താണ് അബിയുടെ പിതാവ് ആഞ്ചലോസ് (കുമാര്‍) കുടുംബം പുലര്‍ത്തുന്നത്. പരുക്ക് ഭേദമായെങ്കിലും ബീനയ്ക്കു മറ്റു ജോലിക്കൊന്നും പോകാന്‍ കഴിയില്ല. പഞ്ചായത്തില്‍നിന്നു ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടിന്റെ പണി ഇപ്പോള്‍ പൂര്‍ത്തിയായി. ലഭിച്ച തുകയ്ക്കു പുറമെ പലരോടും കടം വാങ്ങേണ്ടിയും വന്നു. സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ച തുക ലഭിക്കുന്നതോടെ കടങ്ങള്‍ വീട്ടാമെന്ന ആശ്വാസത്തിലാണു കുടുംബം. ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നെന്ന് ആഞ്ചലോസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















