മൂന്നാറില്‍ കുടിവെള്ളത്തില്‍ വിഷം, നടപടിയെന്ന് മുഖ്യമന്ത്രി

മൂന്നാര്‍ വട്ടവട കൊട്ടകമ്പുര്‍ കോളനിയില്‍ ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരുമടക്കം ഒട്ടേറെപ്പേര്‍ക്കു വെള്ളം കുടിക്കുന്നതിനായി ചായക്കടയ്ക്കു മുന്‍പില്‍ സ്ഥാപിച്ച ജലസംഭരണിയില്‍ വിഷം കലര്‍ന്നതുമായി ബന്ധപ്പെട്ട് ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു. കട ഉടമ മുരുകമണിയോടുള്ള വ്യക്തിവൈരാഗ്യമാവാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
രണ്ടാഴ്ച മുന്‍പ് സമീപവാസികളായ രണ്ടുപേരോട് വസ്തുസംബന്ധമായ കാര്യത്തില്‍ ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദനമേല്‍ക്കുകയും ചെയ്തതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച, ഈ പാത്രത്തില്‍ നിന്ന് ഇയാള്‍ കൈ കഴുകാന്‍ എടുത്ത വെള്ളം കുടിച്ച വളര്‍ത്തുനായ ചത്തതിനെ തുടര്‍ന്നാണ് കുടിവെള്ളത്തില്‍ വിഷം കലര്‍ന്നതായി സംശയം തോന്നി അധികൃതരെ വിവരം അറിയിച്ചതും പരിശോധന നടത്തിയതും. വിഷം ഉള്ളില്‍ ചെന്നാണു നായ ചത്തതെന്ന് വെറ്ററിനറി ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു.
ദേവികുളം എസ്‌ഐ കെ.എം.റോയിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ടൗണില്‍ എത്തുന്ന പൊലീസുകാരും ഉദ്യോഗസ്ഥരുമടക്കം ഒട്ടേറെപ്പേര്‍ കുടിക്കുന്ന വെള്ളത്തിലാണ് വിഷം കലക്കിയത്. ലോക്ഡൗണ്‍ സമയത്തെ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ കണ്ടുപിടിക്കുന്നതിനും മാതൃകാപരമായ ശിക്ഷ നല്‍കുന്നതിനുമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















