കോട്ടയം വിപണിയില്‍ ലോക്ഡൗണിലും ഈസ്റ്റര്‍ തിരക്ക്

ഈസ്റ്റര്‍ വിപണി ലോക്ഡൗണിനിടയിലും ഉണര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 3 -മുതല്‍ പലയിടങ്ങളിലും ഇറച്ചി വ്യാപാരം ആരംഭിച്ചപ്പോള്‍ അകലം പാലിക്കല്‍ പോലുമില്ലാതെ ഇറച്ചി വാങ്ങാന്‍ ആളുകള്‍ 'ക്യൂ' ആയിരുന്നു.
സാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടായിരുന്നതിനാല്‍ പലയിടങ്ങളിലും വില തോന്നുംപടി ആയിരുന്നു. നഗരത്തിലും പരിസരങ്ങളിലും പോത്തിറച്ചി കിലോഗ്രാം 360 - 400 രൂപ വരെ വില വാങ്ങി. കോഴിയിറച്ചി കഴിഞ്ഞ ആഴ്ച വില കുറവായിരുന്നു. വിവിധ തരം മത്സ്യ മാംസ വിപണികള്‍ സജീവമായിരുന്നു എങ്കിലും പലയിടങ്ങളിലും രാവിലെത്തന്നെ 'സ്റ്റോക്ക്' തീര്‍ന്നു.
എന്നാല്‍ ഈസ്റ്റര്‍ എത്തിയതോടെ ചിക്കനു വില കുതിച്ചുകയറി. 140 മുതല്‍ 160 രൂപ വരെ കിലോഗ്രാമിന് ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ വില വാങ്ങി. ഏറ്റുമാനൂര്‍, മണര്‍കാട്, ചങ്ങനാശേരി മേഖലയിലും തിരക്കുണ്ടായിരുന്നു. ചങ്ങനാശേരി മേഖലയില്‍ പോത്തിറച്ചി കിലോഗ്രാമിന് 400 രൂപയായിരുന്നു വില. 130 രൂപയായിരുന്നു കോഴിവില. ആരോഗ്യവിഭാഗം, റവന്യു വിഭാഗം എന്നിവ ചേര്‍ന്നു പരിശോധന നടത്തിയിരുന്നു.
പാലാ ഈരാറ്റുപേട്ട തിരക്ക് നിയന്ത്രിക്കാന്‍ പലയിടത്തും പൊലീസിന്റെ സഹായം ആവശ്യമായി വന്നു. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി മേഖലയില്‍ മിക്കയിടങ്ങളിലും സ്ഥിതി സമാനമായിരുന്നു. ഗ്രാമീണ മേഖലയില്‍ 320 രൂപയും പ്രധാന സ്ഥലങ്ങളില്‍ 360 രൂപയുമായിരുന്നു പോത്തിറച്ചിയുടെ വില. കോഴി കിലോഗ്രാം 130 രൂപയായിരുന്നു. പന്നിയിറച്ചി 230 രൂപയാണ് മേഖലയില്‍ വില.
കുറവിലങ്ങാട് മേഖലയില്‍ ഇറച്ചിക്കടകളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. പോത്തിറച്ചി വില കിലോഗ്രാമിനു 370 രൂപയാണ് ഈടാക്കിയത്. മത്സ്യത്തിനു പ്രിയമേറെയാണെങ്കിലും ക്ഷാമം രൂക്ഷമായതോടെ പലയിടങ്ങളിലും പുലര്‍ച്ചെ തന്നെ മീന്‍ വിറ്റുതീര്‍ന്നിരുന്നു. ചെറുമീനുകള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്.
ലോക്ഡൗണ്‍ ബാധിച്ച് കച്ചവടസ്ഥാപനങ്ങള്‍ തുറക്കാതായതോടെ 'പങ്ക് ഇറച്ചി' എന്ന പഴയകാല സംസ്‌കാരവും തിരികെയെത്തി. ഒട്ടേറെ കുടുംബങ്ങള്‍ ചേര്‍ന്നു പോത്തിനെ അല്ലെങ്കില്‍ മൂരിയെ വാങ്ങി അറുത്ത് ഇറച്ചി പങ്കിടുന്ന രീതിയാണിത്. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ഇത്തരത്തില്‍ കശാപ്പ് നടന്നു.
2 കിലോഗ്രാം എല്ല് - 2 കിലോഗ്രാം ഇറച്ചി എന്നിങ്ങനെയാണ് ഒരു പങ്ക്. 600 രൂപ മുതല്‍ 800 രൂപ വരെയായിരുന്നു പങ്കു തുക. ശുദ്ധമായ ഇറച്ചി കിട്ടുമെന്നതിനൊപ്പം വിലക്കുറവും കടയില്‍പോയി തിരക്കില്‍ വരി നിന്നു വാങ്ങേണ്ടതില്ലെന്ന ഗുണവും പങ്ക് ഇറച്ചി പദ്ധതിക്ക് ഉണ്ടെന്ന് പൊതുഅഭിപ്രായം.
https://www.facebook.com/Malayalivartha





















