പൊലീസ് തടഞ്ഞിട്ട കൊയ്ത്തുയന്ത്രങ്ങള്‍ വിട്ടയച്ചു

എടത്വ മേഖലയില്‍ 5 കൊയ്ത്തു യന്ത്രങ്ങള്‍ പൊലീസ് തടഞ്ഞിട്ടു. വ്യവസ്ഥ ലംഘിച്ചു കൊണ്ടുപോകുന്നതാണെന്ന സംശയത്തിലാണ് തടഞ്ഞിട്ടത്. ഇതില്‍ പ്രതിഷേധിച്ചു യന്ത്രങ്ങളുടെ ഇടനിലക്കാരന്‍ എടത്വ മേഖലയിലെ പത്തിലേറെ പാടങ്ങളില്‍ കൊയ്ത്തു നിര്‍ത്തിവച്ചു. കോട്ടയം ജില്ലയിലേക്കുള്ളവയാണ് എന്നു വ്യക്തമായതോടെ യന്ത്രങ്ങള്‍ വിട്ടയച്ചു. തുടര്‍ന്നു കൊയ്ത്ത് പുനരാരംഭിച്ചു.
യന്ത്രങ്ങള്‍, ആലപ്പുഴ ജില്ലയിലെ കൊയ്ത്തു കഴിയുന്നതു വരെ മറ്റു ജില്ലകളിലേക്കു കൊണ്ടുപോകരുതെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. യന്ത്രങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കാഞ്ഞതിനാലാണ് തടഞ്ഞതെന്നും നിയമവിരുദ്ധമല്ലെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചതിനാലാണ് വിട്ടയച്ചതെന്നും ഡിവൈഎസ്പി പറഞ്ഞു.
കോട്ടയം ജില്ലയിലെ എഫ് ബ്ലോക്ക് ജഡ്ജി ആറായിരം പാടത്തു കൊയ്ത്തു കഴിഞ്ഞ് കായലിലൂടെ കൈനകരിയിലെത്തിച്ച യന്ത്രങ്ങള്‍ അവിടെനിന്നു മുഹമ്മ വഴി കോട്ടയം മുളക്കുളം പഞ്ചായത്തിലെ പെരുവയിലേക്കു കൊണ്ടുപോകുമ്പോഴാണു സംഭവം. ജോലിക്കാരുടെ കയ്യില്‍ കോട്ടയം ജില്ലയിലെ പാസാണ് ഉണ്ടായിരുന്നത്.
കരാര്‍ വച്ച പാടം കൊയ്യാന്‍ കൊണ്ടു പോയ യന്ത്രങ്ങളാണ് തടഞ്ഞതെന്ന് ഇവയുടെ ഉടമ ഷാജി പറയുന്നു. 55 യന്ത്രങ്ങളാണ് പച്ച ചുടുകാട്ടില്‍ ഷാജി തമിഴ്‌നാട്ടില്‍നിന്ന് എത്തിച്ചത്. കുട്ടനാട്, ചെറുതന, ഹരിപ്പാട്, വീയപുരം തുടങ്ങി പല സ്ഥലത്തും ഇവ ഉപയോഗിച്ച് കൊയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha





















