നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം.; പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനവും; തന്നെ സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടാടീം വ്യക്തിപരമായി അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തന്നെ സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടാടീം വ്യക്തിപരമായി അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഈ പ്രവണത ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
' വളരെ സംഘടിതമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു പ്രവര്‍ത്തനമാണിത്. ആളുകളെ മോശക്കാരാക്കുക, വഷളാക്കുക, വ്യക്തിപരമായി ആക്ഷേപിക്കുക. അതിനുവേണ്ടി ഒരു സൈബര്‍ ഗുണ്ടാടീമിനെ തയ്യാറാക്കി വച്ചിട്ടുണ്ട്. അത്തരമൊരു പ്രവണത ശരിയാണോയെന്ന് ആലോചിക്കേണ്ടതാണ്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ നമ്മെയെല്ലാം ബോധപൂര്‍വം അവഹേളിക്കാന്‍ വേണ്ടി സൈബര്‍ ആക്രമണങ്ങളാണ്,' എന്നും ചെന്നിത്തല പറഞ്ഞു.
നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനവും എന്നതാണ് സ്ഥിതി. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരുമായി പ്രതിപക്ഷം ഏറ്റുമുട്ടലിന് ഇല്ലായെന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ മാത്രമാണ്. കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ മികച്ച നടപടികളാണ് കൈക്കൊള്ളുന്നതതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന് കെ. സുരേന്ദ്രന്‍ വിമർശിച്ചു.. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതി പ്രതിപക്ഷം നിര്‍ത്തണമെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.
സര്‍ക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി സഹകരിക്കുകയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ ചെയ്യേണ്ടത്. ഭക്ഷണപ്പൊതി വിതരണം, പച്ചക്കറി കിറ്റ് വിതരണം, മരുന്ന് വിതരണം, മാസ്‌ക് വിതരണം തുടങ്ങി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി. കേരളത്തില്‍ അങ്ങോളമിങ്ങോളം ചെയ്യുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.
ഇതിനു പകരം പ്രതിപക്ഷം എന്നും രാവിലെ വന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന അജണ്ട മാത്രമാണ് നടപ്പാക്കുന്നത്. ക്രിയാത്മകമായ നിലപാടല്ല മറിച്ച് നിഷേധാത്മകമായ നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന അതേ നിലപാടാണ് കേരളത്തില്‍ സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തലയും സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha





















