ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ തീരത്ത് അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി 5 കുട്ടികളുള്‍പ്പടെ 139 പേര്‍ മരിച്ചു. ജിബൂട്ടിയില്‍നിന്ന് യെമനിലേക്ക് 305 പേരുമായി പോയ ബോട്ട് ഒബോക്ക് നഗരത്തിന്റെ വടക്കുഭാഗത്താണ് മറിഞ്ഞത്. 86 പേരെ കാണാതായതായും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐ.ഒ.എം) അറിയിച്ചു. ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളിലെ രാത്രിയിലാണ് ദുരന്തമുണ്ടായത്.
അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.ഒ.എം ഇക്കാര്യം അറിയിച്ചത്. ബോട്ടില്‍ കയറിയ ഉടന്‍തന്നെ അത് പിന്നിലേക്ക് ചരിഞ്ഞ് മുങ്ങിത്തുടങ്ങിയെന്നാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം. ജിബൂട്ടി അധികൃതര്‍ക്കൊപ്പം ഐഒഎം സംഘവും ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കിവരികയാണ്. വീണ്ടെടുത്ത 109 മൃതദേഹങ്ങളില്‍ 52 പുരുഷന്മാരും 42 സ്ത്രീകളും 15 കുട്ടികളുമാണുള്ളത്.
കുട്ടികളില്‍ ഒമ്പത് പേര്‍ പെണ്‍കുട്ടികളും ആറുപേര്‍ ആണ്‍കുട്ടികളുമാണ്. 80ലധികം പേര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇവരെല്ലാം എത്യോപ്യന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ട 64 പേര്‍ക്ക് ഒബോക്കിലെ കുടിയേറ്റക്കാര്‍ക്കായുള്ള കേന്ദ്രത്തില്‍ സഹായം നല്‍കിവരുന്നതായി ഐഒഎം അറിയിച്ചു. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും അധികൃതര്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha





















