കോട്ടയം ജില്ലയ്ക്ക് കണി കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വെള്ളരി

വെള്ളരിക്കയുടെ ഉല്‍പാദനം ഈ സീസണില്‍ കോട്ടയം ജില്ലയില്‍ വളരെ കുറവായിരുന്നെന്നു കൃഷി വകുപ്പ് പറയുന്നു. അതുകൊണ്ട് കോട്ടയംകാര്‍ ഇത്തവണ കണി കാണുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള കണിവെള്ളരിയായിരിക്കും. ഞീഴൂര്‍, ചങ്ങനാശേരി, അയര്‍ക്കുന്നം, തൃക്കൊടിത്താനം മേഖലകളില്‍ നിന്നാണ് ജില്ലയില്‍ കൂടുതലായും വെള്ളരി എത്തിയിരുന്നത്.
തമിഴ്‌നാടിനു പുറമേ മഞ്ചേരിയില്‍ നിന്നും കണിവെള്ളരി എത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. കണി ഒരുക്കുന്നതിന് വെള്ളരി അത്യാവശ്യം ആയതിനാല്‍ പലരും ഒരു കിലോയില്‍ താഴെ തൂക്കമുള്ള വെള്ളരിയാണ് വാങ്ങുന്നത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, ചെറിയനാട്, വെണ്‍മണി പ്രദേശങ്ങളില്‍ നിന്നു കൃഷി വകുപ്പ് വെള്ളരി ജില്ലയില്‍ എത്തിച്ച് ഇന്നും നാളെയും ബ്ലോക്ക് അടിസ്ഥാനത്തില്‍ തുടങ്ങിയിരിക്കുന്ന കര്‍ഷകന്റെ കടവഴി വില്‍പന നടത്തുന്നുണ്ട്. പൊതുവിപണിയെക്കാള്‍ വില കുറച്ച് ഇവിടെ നിന്നു വെള്ളരിയും പച്ചക്കറികളും ലഭിക്കും.
വിഷുവിനോട് അനുബന്ധിച്ച് ടൗണുകളിലും ഗ്രാമങ്ങളിലും ചെറുകിട വില്‍പനക്കാര്‍ താല്‍ക്കാലിക ലൈസന്‍സ് എടുത്ത് പടക്കവില്‍പന നടത്താറുണ്ടങ്കിലും ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ ഇതു സാധ്യമാകില്ല. അതുകൊണ്ട് ഇത്തവണ വിഷുവിന് പടക്കത്തിന്റെ പകിട്ടുണ്ടാവില്ല.
https://www.facebook.com/Malayalivartha