പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി ചാരപ്പണി

പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തി നല്‍കിയ ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. ഹരിയാനയിലും പഞ്ചാബിലും ഈ ശൃംഖല വ്യാപിച്ചുകിടക്കുന്നു. ഏജന്റുമാരായും, സാമ്പത്തിക സഹായികളായും, വിവരദാതാക്കളായുമൊക്കെയാണ് ഇവര്‍ പാകിസ്ഥാന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നത്.
'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. കമ്മീഷന്‍ ഏജന്റുമാര്‍ വഴി വിസ നേടിയ ശേഷം 2023 ല്‍ അവര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. യാത്രയ്ക്കിടെ, ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാന്‍-ഉര്‍-റഹീം എന്ന ഡാനിഷുമായി അവര്‍ അടുത്ത ബന്ധം സ്ഥാപിച്ചു.
ജ്യോതിയെ ഒന്നിലധികം പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകള്‍ക്ക് (പിഐഒ) ഡാനിഷ് പരിചയപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്നു. വാട്ട്സ്ആപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ എന്‍ക്രിപ്റ്റ് ചെയ്ത പ്ലാറ്റ്ഫോമുകളിലൂടെ ജ്യോതി, ഷാക്കിര്‍ എന്ന റാണ ഷഹബാസ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തി. ജാട്ട് രണ്‍ധാവ എന്ന പേരിലാണ് അദ്ദേഹത്തിന്റെ നമ്പര്‍ ജ്യോതി സേവ് ചെയ്തിരുന്നത്.
ഇന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയയില്‍ പാകിസ്ഥാന്റെ പോസിറ്റീവ് ഇമേജ് പ്രചരിപ്പിക്കാന്‍ സജീവമായി ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 152, 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. രേഖാമൂലമുള്ള കുറ്റസമ്മതം ലഭിച്ചു, കേസ് ഹിസാറിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറി.
32 വയസ്സുള്ള വിധവയായ ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27 ന് വിസയ്ക്ക് അപേക്ഷിക്കാന്‍ ഗുസാല ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ചു. ഡാനിഷുമായി ഗുസാലയ്ക്കും ബന്ധമുണ്ട്. വിവാഹ വാഗ്ദാനം നല്‍കി, ചാറ്റുകളിലൂടെയും വീഡിയോ കോളുകളിലൂടെയും പ്രണയബന്ധവും ആരംഭിച്ചു, ഇങ്ങനെയാണ് അയാള്‍ ഗുസാലയുടെ വിശ്വാസം നേടിയത്. ഗുസാലയ്ക്ക് ഡാനിഷ് പെയ്‌മെന്റ് ആപ്പുകളായ ഫോണ്‍പേ, ഗൂഗിള്‍പേ വഴി വിവിധ സമയങ്ങളില്‍ പണം അയച്ച് നല്‍കിയെന്നും വിവരമുണ്ട്.
കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചിരുന്നു. മലേര്‍കോട്ലയില്‍ നിന്നുള്ള യമീന്‍ മുഹമ്മദ്, പാകിസ്ഥാനിലേക്കുള്ള തീര്‍ത്ഥാടനത്തിനിടെ റിക്രൂട്ട് ചെയ്യപ്പെട്ട് പട്യാല കന്റോണ്‍മെന്റിന്റെ വീഡിയോകള്‍ അയച്ച ഹരിയാനയിലെ കൈത്തലില്‍ നിന്നുള്ള ദേവീന്ദര്‍ സിംഗ് ധില്ലണ്‍, പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകളുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ഫണ്ട് കൈമാറുകയും 2025 ഡിഫന്‍സ് എക്സ്പോ സന്ദര്‍ശിക്കുകയും ചെയ്ത ഹരിയാനയിലെ നൂഹില്‍ നിന്നുള്ള അര്‍മാന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
https://www.facebook.com/Malayalivartha