ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവിനെ കാര്‍ ഇടിച്ചുകയറ്റി കൊലപ്പെടുത്തി

സിഗരറ്റ് വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. ബംഗളൂരുവിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ 29കാരനായ എച്ച് എന്‍ സഞ്ജയ് ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിലാണ്. സംഭവത്തില്‍ കാറോടിച്ചിരുന്ന പ്രതീക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് പത്താം തീയതി കനകപുര റോഡിലെ വസന്തപുര ക്രോസിന് സമീപമായിരുന്നു സംഭവം. സഞ്ജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചുകയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പ്രതീക് സംഭവസമയത്ത് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
അറസ്റ്റിലായ പ്രതീക് സിഗരറ്റ് വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. മെയ് പത്താം തീയതി പുലര്‍ച്ചെ സഞ്ജയും സുഹൃത്തായ ചേതനും സുബ്രഹ്‌മണ്യപുരയിലെ ഒരു കടയുടെ സമീപം സിഗരറ്റ് വലിച്ചുനില്‍ക്കുകയായിരുന്നു. ഈ സമയത്താണ് പ്രതീക് കാറിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ സഞ്ജയിനോട് തൊട്ടടുത്ത കടയില്‍ നിന്ന് ഒരു സിഗരറ്റ് വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടു.
ഇതിന് സഞ്ജയ് വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി പ്രതീക്, സഞ്ജയിനെ മര്‍ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സഞ്ജയും സുഹൃത്തായ ചേതനും ബൈക്കില്‍ മടങ്ങി. എന്നാല്‍ പ്രതീക് പകതീര്‍ക്കാനായി വീണ്ടും ഇവരെ കാറില്‍ പിന്തുടരുകയും യുവാക്കളുടെ ബൈക്കിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ സുഹൃത്ത് ചേതന്‍ ഇപ്പോഴും ചികിത്സയിലാണ്.
https://www.facebook.com/Malayalivartha