തുര്‍ക്കിക്ക് 304 മില്യന്‍ ഡോളര്‍ വിലവരുന്ന ഹ്രസ്വദൂര മിസൈലുകള്‍ നൽകാൻ, അമേരിക്ക മുന്‍കൈ എടുക്കുന്നു..പാക് സൈന്യം ഇന്ത്യക്കെതിരെ ഉപയോഗിച്ച ആയുധങ്ങളിലൊന്നാണിത്..

ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് പിന്നില്‍ താനാണെന്ന നിലപാട് ഒക്കെ മയപ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ പറഞ്ഞതിന് പിന്നാലെ കേരളത്തിലടക്കം വലിയ ചർച്ചകളാണ് ഇതിന്റെ പേരിൽ നടന്നത് . ഇപ്പോഴിതാ അമേരിക്കയുടെ മറ്റൊരു നീക്കത്തെയും ഏറെ ശ്രദ്ധയോടെ ഇന്ത്യ വീക്ഷിക്കുകയാണ് . തുര്‍ക്കിക്ക് 304 മില്യന്‍ ഡോളര്‍ വിലവരുന്ന ഹ്രസ്വദൂര മിസൈലുകള്‍ നല്‍കാനും അമേരിക്ക മുന്‍കൈ എടുക്കുന്നുണ്ട്.
ആകാശത്ത് നിന്നും തൊടുക്കാവുന്ന എ.ഐ.എം 120സി-8 അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈലുകള്‍ ആണ് കൈമാറുന്നത്( AMRAAMs) . പാക് സൈന്യം ഇന്ത്യക്കെതിരെ ഉപയോഗിച്ച ആയുധങ്ങളിലൊന്നാണിത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളില്‍ തുര്‍ക്കിയുടെ ഇടപെടല്‍ കാരണം ആയുധ ഇടപാടിനെ ഇന്ത്യ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.2019ല്‍ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് പാക് സൈന്യം നടത്തിയ ഓപ്പറേഷനില്‍ അമേരിക്കന്‍ നിര്‍മിത എഫ് 16 യുദ്ധവിമാനങ്ങള്‍ക്കൊപ്പം
അംറാം മിസൈലുകളും ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ തെളിവുമായി അമേരിക്കയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഈ ആയുധങ്ങള്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കില്ലെന്ന് അമേരിക്ക ഉറപ്പും നല്‍കിയിരുന്നതാണ്.അതേസമയം, പുതിയ സാഹചര്യത്തില്‍ ഈ മിസൈലുകള്‍ തുര്‍ക്കി പാകിസ്ഥാന് കൈമാറില്ലെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് വിവരം.അടുത്തിടെ എഫ്.16 വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് പാകിസ്ഥാന് തുര്‍ക്കിയുടെ സഹായം ലഭിച്ചിരുന്നു. അംറാം മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളില്‍ പാകിസ്ഥാന്റെ കൈവശമുള്ളത്
എഫ് 16 മാത്രമാണെന്നും കൂട്ടിവായിക്കണം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ രാജ്യമാണ് തുര്‍ക്കി. പാകിസ്ഥാന് ഡ്രോണുകള്‍ അടക്കം നിരവധി ആയുധങ്ങള്‍ എത്തിച്ച് നല്‍കാനും തുര്‍ക്കി മുന്നിലുണ്ടായിരുന്നു. ഇതിനുപിന്നാലെ തുര്‍ക്കി ബന്ധമുള്ള ചില കമ്പനികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചിരുന്നു. ഇരുരാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിലും വിള്ളലുണ്ടായി. ഈ സാഹചര്യത്തില്‍ തുര്‍ക്കി അത്യാധുനിക ആയുധങ്ങള്‍ സ്വന്തമാക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha