വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ കണ്ണൂരില്‍ രണ്ടും പാലക്കാട് ഒരു കേസും കൂടി റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവായവരില്‍ 2 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ഒരാള്‍ വിദേശത്തുനിന്ന് എത്തിയതുമാണ്. കാസര്‍കോട് 12, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ 3 വീതം, കണ്ണൂര്‍ ഒന്ന് എന്ന കണക്കില്‍ ഇന്ന് 19 കേസുകള്‍ നെഗറ്റീവായി. ഇതുവരെ 378 പേര്‍ക്കാണ് രോഗം ബാധിച്ചത്. 178 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,11,468 വീടുകളിലും 715 പേര്‍ ആശുപത്രിയിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു തുല്യതയുടെ സന്ദേശമാണ് പകര്‍ന്നു നല്‍കുന്നത്. ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകട്ടെയെന്ന് അഭ്യര്‍ഥിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുക്കൈനീട്ടത്തെ മാറ്റാന്‍ എല്ലാവരും തയാറാകുമെന്നും പ്രതീക്ഷിക്കുന്നു. കുട്ടികളും ഇതിന്റെ ഭാഗമാകും എന്നു കരുതുന്നു. അവര്‍ക്കാണ് മാതൃകകള്‍ സൃഷ്ടിക്കാന്‍ സാധിക്കുക. ഏപ്രിലില്‍ തന്നെ റമസാന്‍ മാസം ആരംഭിക്കുകയാണ്. സക്കാത്തിന്റെ ഘട്ടം കൂടിയാണിത്. ആ മഹത്തായ സങ്കല്‍പം നമ്മുടെ പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയായി മാറ്റണം. മാനുഷികമായ കടമ എല്ലാവര്‍ക്കും ഒരേ മനസ്സോടെ നിര്‍വഹിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.
സമത്വത്തിനു വേണ്ടി സ്വന്തം ജീവിതത്തെ പോരാട്ടമാക്കിയ നവോഥാന നായകനാണ് അംബേദ്കര്‍. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വത്തില്‍ അടിസ്ഥാനമായ തുല്യതയ്ക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ 130-ാം ജയന്തി ദിനം ഈ വിഷു ദിനത്തില്‍തന്നെ വന്നുചേരുന്നത് അതിന്റേതായ ഒരു ഔചിത്യ ഭംഗിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം തുല്യതയ്ക്കായി പോരാടിയതാണെന്ന് നമുക്കെല്ലാം അറിയാമെന്നും എല്ലാവര്‍ക്കും വിഷു, അംബേദ്കര്‍ ജയന്തി ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് 86 പേരാണ്. 15683 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 14829 എണ്ണം രോഗബാധയില്ല. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ട്. ഇതു കണ്ട് നിയന്ത്രണം ഒഴിവാക്കാം എന്ന ധാരണ ചില കേന്ദ്രങ്ങളിലെങ്കിലുമുണ്ട്. ഇത് അപകടകരമാണ്. രാജ്യത്ത് ലോക്ഡൗണ്‍ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ എങ്ങനെയെന്ന് പ്രധാനമന്ത്രി നാളെ ജനങ്ങളോടു പറയും. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആവശ്യമായ തീരുമാനം എടുക്കും.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അവരെ കേരളത്തില്‍ എത്തിക്കണമെന്ന് നമുക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും താല്‍പര്യമുണ്ട്. ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം മൂലം വിദേശത്തു കുടുങ്ങിയവരും ഹ്രസ്വകാല സന്ദര്‍ശനത്തിനു പോയവര്‍ക്കും മടങ്ങാന്‍ സാധിക്കുന്നില്ല. വരുമാനം ഇല്ലാത്തതിനാല്‍ അവിടെ ജീവിതം അസാധ്യമാണ്.
ഇവര്‍ക്കും പ്രയാസം നേരിടുന്ന പ്രവാസികള്‍ക്കും നാട്ടിലേക്കു പ്രത്യേക വിമാനം ഏര്‍പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. തിരികെത്തുന്നവരുടെ പരിശോധന, ക്വാറന്റീന്‍ മുതലായ കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍വഹിക്കും. പ്രവാസികളുടെ കാര്യത്തില്‍ അനിവാര്യമായ ഇടപെടലാണ് ഇതെന്നു പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് പ്രഖ്യാപിച്ച കാര്യം നമ്മുടെയെല്ലാം ശ്രദ്ധയിലുണ്ട്. പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ആവശ്യമായ എല്ലാം സര്‍ക്കാര്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാം കാണേണ്ടത് ജാഗ്രതയില്‍ കുറവു വരുത്താനുള്ള അവസ്ഥ മുന്നില്‍ ഇല്ല. വൈറസ് വ്യാപനം എപ്പോള്‍ എവിടെയൊക്കെയെന്നു പ്രവചിക്കാന്‍ സാധിക്കില്ല. സമൂഹവ്യാപനം എന്ന അത്യാപത്തും സംഭവിക്കാം. വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ തുടരും.
https://www.facebook.com/Malayalivartha





















