ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തുന്നവരുടേയും മറ്റു ജോലിക്കാരുടേയും പട്ടിക പൊലീസിനു കൈമാറാന്‍ കലക്ടറുടെ നിര്‍ദേശം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനെത്തുടര്‍ന്നു ക്ഷേത്രത്തില്‍പ്രവേശിക്കുന്ന ജീവനക്കാരുടെ എണ്ണത്തില്‍ കലക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തുന്നവരുടേയും മറ്റു ജോലിക്കാരുടേയും പട്ടിക പൊലീസിനു കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഓരോ വിഭാഗത്തിലും അകത്തു കടക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ചുവെന്നും വിഷുക്കണിക്കും ഡ്യൂട്ടിയിലുള്ളവരല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കില്ലെന്നും അതു സംബന്ധിച്ച ലിസ്റ്റ് പൊലീസിന് കൈമാറിയതായും അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിര്‍ അറിയിച്ചു.
ഗുരുവായൂര്‍ ക്ഷേത്ര ചരിത്രത്തില്‍ ആദ്യമെന്നോണം ഇക്കുറി ഭക്തരില്ലാതെയായി, വിഷുക്കണി ദര്‍ശനം. ഭക്തര്‍ക്ക് പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ നാലു നടകളുടെ ഗേറ്റിനുള്ളിലേക്കു പോലും ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്നു മുതല്‍ ലിസ്റ്റിലുള്ള ജീവനക്കാരെ മാത്രമേ ഈ പ്രദേശത്തേക്കു കയറ്റി വിടൂ. ക്ഷേത്രത്തിലെ ഡ്യൂട്ടിക്കാരായ വിരലിലെണ്ണാവുന്ന ശാന്തിക്കാര്‍ക്കും പാരമ്പര്യക്കാര്‍ക്കും മാത്രമാണ് പ്രവേശനം.
പാരമ്പര്യാവകാശി മനയത്ത് കൃഷ്ണകുമാര്‍ ഇന്നലെ വൈകിട്ട് എത്തിച്ച കണിക്കോപ്പുകള്‍ കൊണ്ട് ശാന്തിയേറ്റ കീഴേടം വാസുണ്ണി നമ്പൂതിരി, കൊടയ്ക്കാട് ശശി നമ്പൂതിരി എന്നിവര്‍ രാത്രി ശ്രീലകത്ത് കണിക്കോപ്പ് ഒരുക്കി വച്ചു.
നാളികേരമുടച്ച് തിരിയിട്ട് നെയ്ത്തിരി കത്തിച്ച് ഓട്ടുരുളിയിലെ കണിക്കോപ്പുകള്‍ ഉയര്‍ത്തിപ്പിടിച്ച് കണ്ണനെ കണി കാണിച്ചു. കെടാവിളക്കിലെ തിരി നീട്ടി കണ്ണന്റെ കയ്യില്‍ വിഷുക്കൈനീട്ടം നല്‍കി.
https://www.facebook.com/Malayalivartha





















