വിഷുദിനത്തില്‍ മൂന്നു വനിതാ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നാല് പുതിയ പൊലീസ് സ്റ്റേഷനുകള്‍ കൂടി

സംസ്ഥാനത്ത് വിഷുദിനത്തില്‍ നാല് പൊലീസ് സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ലക്ഷ്യമിട്ട് വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണിത്. ഇതില്‍ വയനാട്ടിലെ ഒഴികെയുള്ള മൂന്നു എണ്ണവും വനിതാ പൊലീസ് സ്റ്റേഷനുകള്‍ ആയിരിക്കും. ഇതിനകം 2,47,899 വീടുകള്‍ ജനമൈത്രി പൊലീസ് സന്ദര്‍ശിച്ചിട്ടുണ്ട്. 42 പേര്‍ക്ക് ജില്ലകള്‍ക്ക് പുറത്തേക്ക് മരുന്നെത്തിക്കാനുള്ള പ്രവര്‍ത്തനവും നടത്തിയെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഗ്‌നിരക്ഷാസേനയുടെ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചു കൊണ്ട്, സേന 460 രോഗികളെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചതായും 22,533 സ്ഥലങ്ങള്‍ അണുവിമുക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 32,265 വാഹനങ്ങളും അണുവിമുക്തമാക്കി. 9,873 പേര്‍ക്ക് അവശ്യ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു.
വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ തുടരും. ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. സമൂഹവ്യാപനത്തിനു സാധ്യത കൂടും. വിഷുവിന്റെ പേരിലുള്ള കൂടിച്ചേരലുകള്‍ അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















