ബന്ദിപ്പൂര്‍ വനത്തില്‍ മുറിവുമായി അലഞ്ഞ കടുവ ചത്ത നിലയില്‍

ബന്ദിപ്പൂര്‍ വനത്തില്‍ ദിവസങ്ങളോളം കഴുത്തില്‍ മുറിവുമായി അലഞ്ഞു നടന്നിരുന്ന കടുവയെ വയനാട് വന്യജീവി സങ്കേതത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. 5 വയസ് പ്രായം തോന്നിക്കുന്ന ആണ്‍കടുവയുടെ ജഡം ഇന്നലെ രാവിലെ കുറിച്യാട് റേഞ്ചിലെ അമ്പതേക്കര്‍ വനമേഖലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ മാര്‍ച്ച് 24-ന് കഴുത്തില്‍ മുറിവുള്ള കടുവ അതിര്‍ത്തി വനമേഖലയില്‍ അലയുന്നതായി കര്‍ണാടക വനംവകുപ്പ് ഫോട്ടോ സഹിതം കേരള വനംവകുപ്പിന് അറിയിപ്പ് നല്‍കിയിരുന്നു. കര്‍ണാടകയുടെ ക്യാമറ ട്രാപ്പില്‍ ഈ കടുവയുടെ ചിത്രം പതിഞ്ഞിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സഖറിയയുടെ മേല്‍നോട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ജഡത്തിന് 3 ദിവസത്തെ പഴക്കമാണ് കണക്കാക്കുന്നത്. കഴുത്തില്‍ വള്ളിയോ കമ്പിയോ മുറുകിയതാണ് വ്രണമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു.
വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.കെ.ആസിഫ്, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ പി.രതീശന്‍, രമ്യ രാഘവന്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വംം നല്‍കി.
https://www.facebook.com/Malayalivartha





















